സമസ്തയിൽ വൻ പ്രതിസന്ധി; ഉമർ ഫൈസിക്കെതിരെ നടപടിയില്ലെങ്കിൽ ലീഗനുകൂലികൾ സമാന്തര പ്രവർത്തനം തുടങ്ങും; എന്തും നേരിടാൻ ലീഗ്

ലീഗനുകൂല സമസ്തയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധി മലബാറിൽ വൻ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെക്കും. ലീഗ് സംസ്ഥാന പ്രസിഡൻ്റും സമസ്ത യുവജന വിഭാഗത്തിൻ്റെ അധ്യക്ഷനുമായ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ സമസ്ത വേദിയിൽ സംഘടനയുടെ പരമോന്നത സമിതിയായ മുശാവറ അംഗവും സിപിഎം അനുകൂലിയുമായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപമാണ് കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തിക്കുന്നത്. പൊതുവേ ഇത്തരം പ്രശ്നങ്ങളിൽ പരസ്യ പ്രതികരണം ഒഴിവാക്കുകയോ അനുനയത്തിലൂടെ സമവായം സാധ്യമാക്കുകയോ ചെയ്യുന്ന ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇത്തവണ അതിശക്തവും തുടർച്ചയായതുമായ വിമർശനം ഉയർത്തി സാദിഖലി തങ്ങളെ ന്യായീകരിച്ച് ആദ്യം രംഗത്തെത്തിയത്. ഉമർ ഫൈസിയുടെ പ്രസ്താവന സമസ്തയുടേതല്ലന്ന പ്രസ്താവന മാത്രം നടത്തിയ സമസ്ത പ്രസിഡൻ്റ് ജിഫ്രി തങ്ങളുടെയും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെയും പ്രസ്താവന കൊണ്ട് മാത്രം കാര്യമില്ലെന്ന് കൂടി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിലൂടെ അനുരഞ്ജനത്തിന്നുള്ള വഴി പൂർണമായും അടഞ്ഞിരിക്കുകയാണ്.

സമസ്തയുടെ 40 അംഗ പരമോന്നത സമിതിയായ മുശാവറയിലെ അംഗമായ ഉമർ ഫൈസിയെ ന്യായീകരിച്ച് തുടർന്ന് മുശാവറയിലെ തന്നെ മറ്റ് ഒമ്പത് അംഗങ്ങൾ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തി. സമസ്തയിലെ ആകെയുള്ള 40 മുശാവറ അംഗങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 25 പേരും ലീഗിനെയും സാദിഖലി തങ്ങളെയും അനുകൂലിക്കുന്നവരാണ് എന്നാണ് ലീഗിൻ്റെ വിലയിരുത്തൽ. ഇനിയും സിപിഎം ആഭിമുഖ്യം ഉള്ളവരോടൊപ്പം തുടരേണ്ടതില്ല എന്ന നിലയ്ക്കാണ് ചർച്ചകൾ ലീഗനുകൂലികൾ നടത്തുന്നത് എന്നറിയുന്നു.

സംസ്ഥാനത്ത് 1980കളുടെ രണ്ടാം പകുതിയിൽ സമസ്തയിലുണ്ടായ പിളർപ്പാണ് കാന്തപുരം വിഭാഗമായ എ പി സുന്നി സമസ്ത വിഭാഗത്തിൻ്റെ പിറവിക്ക് വഴിവെച്ചത്. കാന്തപുരമില്ലാത്ത മറുവിഭാഗമായ ലീഗനുകൂല സമസ്ത ഇ കെ വിഭാഗമെന്ന് അറിയപ്പെടുകയും ഔദ്യോഗിക ലേബലിൽ തുടരുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മുസ്ലിം മഹല്ലുകളും മതവിദ്യാഭ്യാസ കേന്ദ്രങ്ങളും ലീഗനുകൂല സമസ്തയുടെ നിയന്ത്രണത്തിലാണ്. മഹല്ലുകളുടെ പ്രതിനിധികളായി നാളിതുവരെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് വഖഫ് ബോർഡ് അംഗത്വം നേടാൻ ലീഗനുകൂല സമസ്ത വിഭാഗത്തിന് മാത്രമാണ് കഴിഞ്ഞിട്ടുള്ളത് എന്നത് സമസ്തയുടെ ശക്തി വിളിച്ചോതുന്നു. കാന്തപുരം വിഭാഗം നാലരപ്പതിറ്റാണ്ട് മുമ്പ് രൂപീകരിക്കപ്പെട്ടതും സംഘടനയുടെ രാഷ്ട്രീയ ആഭിമുഖ്യത്തെ ചൊല്ലിയുള്ള തർക്കത്തിൻ്റെ പേരിലാണ്.

കർണാടകത്തിലെ മംഗലാപുരം മുതൽ കേരളത്തിലെ തൃശൂർ വരെയുള്ള മഹാ ഭൂരിഭാഗം മഹല്ല് ജമാ അത്തുകളും നിലവിൽ ലീഗ് സമസ്തയുടെ നിയന്ത്രണത്തിലാണ്. ഈ മഹല്ലുകളിൽ മഹാ ഭൂരിഭാഗത്തിൻ്റെയും മതാധ്യക്ഷനെന്ന ആലങ്കാരിക സ്ഥാനം നിലവിൽ കയ്യാളുന്നത് ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് സാദിഖലി തങ്ങളാണ്. പരമ്പരാഗതമായി പാണക്കാട് കുടുംബം കയ്യേൽപിക്കുന്ന ഖാദിസ്ഥാനത്തിന്, നിലവിൽ ആ സ്ഥാനം അലങ്കരിക്കുന്ന സാദിഖലി തങ്ങൾക്ക് മതബോധം, വിജ്ഞാനം എന്നീ ഘടകങ്ങൾ വച്ച് യോഗ്യതയില്ലെന്നും രാഷ്ട്രീയ സ്വാധീനം കൊണ്ട് മാത്രമാണ് സാദിഖലി തങ്ങൾക്ക് ഈ സ്ഥാനം ലഭിച്ചതെന്നുമുള്ള ഗുരുതര ആക്ഷേപമാണ് ഉമർ ഫൈസി ഉന്നയിച്ചത്. ഇസ്ലാമിക കാഴ്ചപ്പാടിൽ പാണക്കാട് തങ്ങൾക്ക് കൽപിച്ചു നൽകിയ ഈ അയിത്തം അംഗീകരിക്കാൻ ലീഗിന് കഴിയാത്തതും അധിക്ഷേപത്തിൻ്റെ തീവ്രത ഗുരുതരമായതുകൊണ്ടാണ്.

നൂറ്റാണ്ടിലധികം പഴക്കമുള്ള സമസ്ത – പാണക്കാട് ബന്ധത്തിനെ ഇത്രയധികം തീവ്രതയിൽ അപമാനിച്ച മറ്റൊരു സംഭവവും ഇല്ലാത്തതാണ് പിളർപ്പിന് പോലും വഴിവെക്കുന്ന സാഹചര്യം സംജാതമാക്കിയത്. സമസ്തയും കാന്തപുരവുമായുള്ള പുനരൈക്യ ചർച്ചകൾ കഴിഞ്ഞ ചില വർഷങ്ങളായി നടന്നു വരുന്നതിൻ്റെ കൂടി പശ്ചാത്തലം ഈ സംഭവപരമ്പരകൾക്ക് പിന്നിലുണ്ടെന്ന വിലയിരുത്തലുമുണ്ട്. കാന്തപുരം വിഭാഗം തുടക്കം മുതൽ സിപിഎം അനുകൂല നിലപാടിലാണ്. അതിനിടയിലാണ് ലീഗനുകൂല സമസ്തയിൽ ഒരുവിഭാഗം ഉമർ ഫൈസി അടക്കമുള്ളവരുടെ പിന്തുണയോടെ സിപിഎമ്മിലേക്ക് ചാഞ്ഞത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ സമസ്ത നേതൃത്വം സർക്കാരിനോട് അനുരജ്ഞന സന്നദ്ധത പല ഘട്ടങ്ങളിലും കാണിച്ചിരുന്നു. ഇതിൽ മുതലെടുപ്പ് ഉറപ്പാക്കാനായാണ് രാഷ്ട്രീയ ലൈനുകൾ കാറ്റിൽ പറത്തി സിഎഎ- പലസ്തീൻ വിഷയങ്ങളിൽ സിപിഎമ്മും സജീവത കാട്ടിയത്. പി വി അൻവർ ഉയർത്തിവിട്ട വിവാദക്കൊടുങ്കാറ്റും ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും കാരണം സിപിഎം രാഷ്ട്രീയ ലൈൻ പൊടുന്നന്നെ മാറ്റുന്ന ഘട്ടത്തിലാണ് സമസ്തയിൽ പൊട്ടിത്തെറി രൂപംകൊണ്ടത് എന്നതും കാണാതിരിക്കാൻ കഴിയില്ല. ഇത്തരം ഉൾപിരിയലുകൾ കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് മലബാറിൽ കലുഷിത സാഹചര്യങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top