സ്വവർഗ വിവാഹത്തിരക്കിൽ തായ്ലണ്ട്!! പുതിയ ജീവിതത്തിന് കാത്ത് നൂറുകണക്കിന് പേർ; സമൂഹവിവാഹങ്ങളും ഒരുങ്ങുന്നു
തായ്ലണ്ടിലെ പ്രമുഖ താരജോഡി അപിവത് പോർഷ്, സപ്പാന്യൂ ആം പനത്കൂൽ എന്നിവർ സ്വപ്നസാഫല്യത്തിൻ്റെ നിറവിലാണ് ഇപ്പോൾ. സ്വവർഗ വിവാഹം നിയമപരമാക്കി കൊണ്ടുള്ള തീരുമാനം വന്നതോടെ ആദ്യം ഒന്നിച്ച ജോഡികളിലൊന്നാണ് ഇവർ. ഈ ദിവസത്തിനായി പത്തുവർഷമായി കാത്തിരിക്കുകയായിരുന്നു, ആണായാലും പെണ്ണായാലും രണ്ടുപേർക്കിടയിലെ സ്നേഹം സ്നേഹം തന്നെയാണെന്നും അതിൽ വേർതിരിവ് കാണേണ്ടതില്ലെന്നും ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
ലൈംഗീക ന്യൂനപക്ഷങ്ങൾക്കുള്ള ജീവിത സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നിലായിരുന്നു തായ്ലണ്ട്. എന്നാൽ ബുദ്ധമതാചാരങ്ങൾ പിന്തുടരുന്ന യാഥാസ്ഥിതിക സമൂഹമെന്ന നിലയിൽ ഇവർക്ക് അനുകൂല നിയമനിർമാണം ശ്രമകരമായിരുന്നു. കഴിഞ്ഞ ജൂണിൽ പാർലമെൻ്റ് പാസാക്കിയ ബിൽ, പിന്നീട് സെപ്തംബറിലാണ് രാജാവ് അംഗീകരിച്ച് ഉത്തരവിറക്കിയത്. ബിൽ അവതരിപ്പിക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്ന ശ്രേത തവിസിൻ സോഷ്യൽ മീഡിയയിൽ തൻ്റെ സന്തോഷം പങ്കുവച്ചു.
സ്വവർഗാനുരാഗികളുടെ സമൂഹവിവാഹങ്ങളും ഈ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് നടക്കുകയാണ്. ഇതിൽ പലതിലും കുടുംബാംഗങ്ങൾ അടക്കമുള്ളവരും പങ്കെടുക്കുന്നുണ്ട് എന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ് വാനും നേപ്പാളിനും ശേഷം സ്വവർഗ വിവാഹം നിയമപരമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമാണ് തായ്ലണ്ട്. 2001ൽ നെതർലൻ്റ്സ് ആണ് ലോകത്തിലാദ്യമായി ഇത് അനുവദിച്ചത്. മറ്റ് ദമ്പതികളെപ്പോലെ സ്വത്തിൻ്റെ കാര്യത്തിലടക്കം സ്വവർഗ ദമ്പതികൾക്ക് തുല്യാവകാശം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here