മന്ത്രി രാധാകൃഷ്ണനുമായി അഭിപ്രായ ഭിന്നത, പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് എ.സമ്പത്ത് പുറത്ത്
തിരുവനന്തപുരം : മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ.സമ്പത്തിനെ മാറ്റി. മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമ്പത്തിനെ പിഎസ് സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് വിവരം. ഇതിനു പകരം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ശിവകുമാര്‍ പ്രവര്‍ത്തിച്ചിരുന്നു.
മന്ത്രി കെ.രാധാകൃഷ്ണനും എ.സമ്പത്തും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. ഇതിലെ അതൃപ്തി മന്ത്രി സിപിഎമ്മിനെ അറിയിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാവില്‍ നിന്നുള്ള പരാതി സിപിഎമ്മും ഗൗരവമായാണ് പരിഗണിച്ചത്. ഇതേതുടര്‍ന്നാണ് സമ്പത്തിനെ ഒഴിവാക്കാന്‍ തീരുമാനമായത്.
മൂന്ന് തവണ ആറ്റിങ്ങല്‍ എംപിയായിരുന്ന എ.സമ്പത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് തോറ്റിരുന്നു. തുടര്‍ന്ന് ദില്ലിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി നിയമിതനായി. ക്യാബിനറ്റ് റാങ്കോടെയായിരുന്നു ഈ നിയമനം. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയപ്പോഴാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. 2022 ല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടി സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്നും തരംതാഴ്ത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here