ആദ്യം ഒരു കാറിന്റെ ടയര്‍; പിന്നീട് പഞ്ചറായത് 13 കാറുകളുടെ ടയറുകള്‍; മുംബൈ നാഗ്പൂർ എക്‌സ്‌പ്രസ് വേയില്‍ ഒരൊറ്റ രാത്രിയില്‍ സംഭവിച്ചത്…
മുംബൈ നാഗ്പൂർ എക്‌സ്‌പ്രസ് വേയിലെ സമൃദ്ധി മഹാമാർഗിൽ ഒരൊറ്റ രാത്രിയില്‍ പഞ്ചറായത് 13 കാറുകളുടെ ടയറുകള്‍. ഇതോടെ നിരവധി യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങി. ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഒരു കാറിന്റെ ടയര്‍ ആണ് ആദ്യം കേടായത്. തുടര്‍ന്നാണ് മറ്റു കാറുകളുടെ ടയറുകളും പഞ്ചറായത്.
ഈ വിവരമറിഞ്ഞാണ് ഹൈവേ പോലീസ് സംഘം സ്ഥലത്ത് എത്തിയത്. അവര്‍ കണ്ട കാഴ്ച ഇങ്ങനെ: ഒരു ട്രെയിലര്‍ അവിടെ ഉണ്ടായിരുന്നു. ഈ ട്രെയിലറിൽ നിന്ന് കനത്ത ഇരുമ്പ് പ്ലേറ്റ് റോഡിലേക്ക് വീണിരുന്നു. വാഹനങ്ങൾ അതിവേഗത്തിൽ പ്ലേറ്റിന് മുകളിലൂടെ കടന്നുപോയി. ഇതിന്റെ മൂർച്ചയുള്ള അറ്റങ്ങളാണ് 13 കാറുകളുടെ ടയറുകൾ പഞ്ചറാക്കിയത്.
സമൃദ്ധി മഹാമാർഗിൻ്റെ പരിപാലനത്തിൻ്റെയും അറ്റകുറ്റപ്പണിയുടെയും ചുമതലയുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (എംഎസ്ആർഡിസി) വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ കുമാർ ഗെയ്‌ക്‌വാദ് ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
എംഎസ്ആർഡിസി നിര്‍ദേശ പ്രകാരം പോലീസ് വേഗത്തിൽ പ്രവർത്തിച്ചു. വാഹനങ്ങൾ തിരിച്ചുവിടുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ആളുകൾക്ക് വെള്ളം നൽകുകയും ചെയ്തു. തുടർന്ന് സഹായത്തിനായി മാലേഗാവിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇരുമ്പ് പ്ലേറ്റിൻ്റെ ഭാരം കാരണം അത് ഉയര്‍ത്തി മാറ്റാന്‍ കഴിഞ്ഞില്ല. ഒടുവിൽ മലേഗാവ് ടോൾ ബൂത്തിൽ നിന്ന് ഒരു ഹൈഡ്രോളിക് ക്രെയിൻ കൊണ്ടുവന്നാണ് പ്ലേറ്റ് റോഡിൽ നിന്ന് നീക്കിയത്.
മിക്കതും പുതിയ കാറുകള്‍ ആയതിനാല്‍ യാത്രക്കാര്‍ രോഷാകുലരായി. ട്രെയിലറിന് തീയിടാൻ വരെ ശ്രമിച്ചു. പോലീസ് സംഘം സ്ഥിതിഗതികൾ ശാന്തമാക്കി. ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകാൻ നിര്‍ദേശം നല്‍കി. റോഡ് പോലീസ് വൃത്തിയാക്കി. കുറച്ച് സമയത്തിന് ശേഷം സാധാരണ ഗതാഗതം പുനരാരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here