സിഐടിയു സമരത്തിൽ പൊറുതിമുട്ടി സാംസങ് സ്ഥലം വിടുന്നു; തമിഴ്നാട്ടിലും കേരള മോഡൽ പൂട്ടിക്കൽ സമരം

ചെന്നൈ ശ്രീ പെരുമ്പത്തൂരിലെ സാംസങ് ഫാക്ടറിയിലെ തൊഴിൽ സമരത്തിൽ കമ്പനിയുടെ ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കാതെ സിഐടിയു. സിപിഎം അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവിൻ്റെ നേതൃത്വത്തിലാണ് സമരം. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് സിഐടിയുവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സാംസങ് ഇന്ത്യ എംപ്ലോയീസ് യൂണിയനുള്ള 1500 ഓളം പേരാണ് രണ്ട് മാസത്തിലേറെയായി പണിമുടക്കി സമരം ചെയ്യുന്നത്.
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിൻ്റെ രണ്ട് ഫാക്ടറികളിലൊന്നായ ഗൃഹോപകരണ നിർമാണ പ്ലാൻ്റിൽ ആകെ 2,000ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പു നൽകിയിട്ടും സമരം തുടരുകയാണെന്ന് സംസ്ഥാന ധനമന്ത്രി തങ്കം തെന്നന്നരസു പറഞ്ഞു. എല്ലാ ജീവനക്കാരോടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്നാട്ടിലേക്ക് വ്യവസായങ്ങളെ ആകർഷിക്കാൻ നടത്തിയ അമേരിക്കൻ സന്ദർശനത്തിന് ഇടയിലാണ് ഭരണമുന്നണിയിലുള്ള സിപിഎമ്മിൻ്റെ തൊഴിലാളി സംഘടന ദക്ഷിണ കൊറിയൻ കമ്പനിക്കെതിരെ രംഗത്ത് വന്നത്. ഇത് വലിയ തിരിച്ചടിയായെന്നാണ് ഡിഎംകെ വിലയിരുത്തൽ. സംസ്ഥാനത്തേക്ക് വിദേശ വ്യവസായ നിക്ഷേപങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് സിപിഎമ്മിൻ്റെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് ഡിഎംകെ വിലയിരുത്തലുകൾ.
സമരം അനിശ്ചിതമായി നീളുന്നതും ഒത്തുതീർപ്പ് ഓഫർ തൊഴിലാളികൾ നിരസിച്ചതും കടുത്ത നടപടികളിലേക്ക് കടക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 5,000 രൂപ പ്രതിമാസ ഇൻസെൻ്റീവ്, കൂടുതൽ എയർ കണ്ടീഷൻഡ് ബസുകൾ, വൈവിധ്യമാർന്ന കഫറ്റീരിയ, കൂടുതൽ മെച്ചപ്പെട്ട ഭക്ഷണം, സമ്മാന കുപ്പണുകൾ അടക്കമുള്ള ഒത്തുതീർപ്പ് പാക്കേജ് സാംസങ് കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. എന്നാൽ തങ്ങൾ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാത്തതിനാൽ കരാർ നിരസിക്കുന്നതായി സിഐടിയു സംസ്ഥാന പ്രസിഡൻ്റ് എ.സൗന്ദരരാജൻ അറിയിച്ചു.
സമരം തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് മറ്റൊരു സംസ്ഥാനത്ത് പ്ലാൻ്റ് തുടങ്ങാനുള്ള നീക്കത്തിലാണ് സാംസങ്. ആന്ധ്രയിലേക്ക് മാറ്റാനാണ് നീക്കം. ഈ വിവരം സംസ്ഥാന സർക്കാരിനെ ദക്ഷിണ കൊറിയൻ കമ്പനി അധികൃതർ അറിയിച്ചതായിട്ടാണ് വിവരം. 2007 ൽ കമ്പനി ആരംഭിച്ചതിന് ശേഷം പണിമുടക്ക് പോലെയുള്ള സമരപരിപാടികൾ നടക്കുനത് ഇതാദ്യമായിട്ടാണ്.
കമ്പനിയെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന സാംസങിൻ്റെ നിലപാടിലും സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു പ്രതികരിച്ചു. നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച വ്യാവസായിക കാലാവസ്ഥയാണ് തമിഴ്‌നാട് നൽകിയത്. കൂടുതൽ കമ്പനികൾ ഇവിടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്ലാൻ്റ് മാറ്റി സ്ഥാപിക്കുന്ന വാർത്ത സാംസങ് കമ്പനി നിഷേധിച്ചിട്ടില്ല. കമ്പനി ഉടൻ ഔദ്യോഗിക നിലപാട് വ്യക്തമാക്കുമെന്നാണ് സൂചനകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here