ഏത് ഭാഷയിലും ഫോൺ ചെയ്യാം; ഗ്യാലക്സി എഐയുമായി സാംസങ്
സ്മാർട്ട്ഫോണുകളിലെ ടെക്നോളജിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി സാംസങ്. സമഗ്ര എഐ സംവിധാനം എന്ന് വിശേഷണവുമായി ‘ഗാലക്‌സി എഐ’ 2024 ജനുവരിയിൽ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.
സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ മികച്ചതാക്കുന്ന എഐ ഫീച്ചറുകളാണ് ഗാലക്സി എഐയുടെ പ്രത്യേകത. എന്തൊക്കെ ഫീച്ചറുകളാണ് ഇത്തരത്തിൽ വരാനിരിക്കുന്നത് എന്നതിന്റെ മുഴുവൻ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏറെ പ്രതീക്ഷ നൽകുന്ന ചില ഫീച്ചറുകളുടെ വിവരങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. അതിൽ ഒന്നാണ് ‘എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ’. അധികം വൈകാതെ ഈ എഐ ഫീച്ചർ സാംസങ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പേരിൽ നിന്നുതന്നെ ഈ ഫീച്ചർകൊണ്ട് എന്താണ് ഉപയോഗം എന്ന് വ്യക്തമാണ്.
മറ്റൊരു ഭാഷക്കാരനുമായി ഫോണിലൂടെ സംസാരിക്കുമ്പോള്‍ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാൻ ഈ ഫീച്ചർ വഴി കഴിയും. ഈ എഐ ഫീച്ചർ ഫോൺ കോളുകൾക്കിടയിൽ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവർത്തനങ്ങൾ നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഉപയോക്താക്കളുടെ ഡാറ്റയെയും സ്വകാര്യതയെയും ബാധിക്കാത്ത വിധത്തിൽ സാംസങ്ങിന്റെ നേറ്റീവ് ഫോൺ ആപ്പുമായി സംയോജിപ്പിച്ചുകൊണ്ടാകും ഈ ഫീച്ചർ അവതരിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു. നിലവില്‍ തേഡ് പാര്‍ട്ടി തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിക്കുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ. ഗ്യാലക്‌സി എഐയുടെ മറ്റു ഫീച്ചറുകളെ കുറിച്ച് വെളിപ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല.
സാംസങ്ങിൻ്റെ അഭിമാന സ്മാർട്ട്ഫോൺ ലോഞ്ച് എന്ന് വിശേഷിപ്പിക്കുന്ന ഗാലക്സി എസ്24 സീരീസിനൊപ്പമാകും ഗാലക്സി എഐ പുറത്തിറങ്ങുക എന്നാണ് കമ്പനി നൽകുന്ന സൂചനകൾ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്ല വമ്പനായ എസ്23 അൾട്രയുടെ പിൻഗാമി ആയിട്ടാണ് സാംസങ് എസ്24 അൾട്ര അവതരിപ്പിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ 15, ഗൂഗിളിന്റെ പിക്സൽ 8 സീരീസ് എന്നിവയൊക്കെയാണ് ഗാലക്സി എസ്24 അൾട്രയുടെ എതിരാളികൾ. ഈ പ്രീമിയം ഗൂഗിൾ, ആപ്പിൾ ഫോണുകൾ എഐ ഫീച്ചറുകളുമായിട്ടാണ് എത്താൻ പോകുന്നത്.
ഗൂഗിളിന്റെ പുതിയ പിക്സൽ 8 സീരീസ് മികച്ച ഫോട്ടോ എഡിറ്റിംഗ് എക്സ്പീരിയൻസിനായി എഐ ടൂളുകളുമായിട്ടാണ് എത്തുന്നത്. ആപ്പിളും എഐയിൽ ഒട്ടേറെ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അതിനാൽത്തന്നെ ആപ്പിളിനോടും ഗൂഗിളിനോടും ഏറ്റുമുട്ടാനൊരുങ്ങിയാണ് എഐ ഫീച്ചറുമായി സാംസങ് രംഗത്തെത്തുന്നത്. എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ ഫീച്ചർ അവതരിപ്പിക്കുന്ന ഗാലക്സി ഫോണുകൾ ഈ മത്സരത്തിൽ സാംസങ്ങിന് മുൻതൂക്കം നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here