“ബിജെപിയെ ശിക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ”; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഈ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. “ബിജെപിയെ ശിക്ഷിക്കൂ, കോര്‍പ്പറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയര്‍ത്തി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണം നടത്തും. കര്‍ഷകരെ വഞ്ചിച്ച കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടുകളും ഉയര്‍ത്തി പ്രചരണം ശക്തമാക്കാനാണ് തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും സമരത്തെ തുടര്‍ന്ന് നല്‍കിയ മറ്റ് ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊളള പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകര്‍ക്കും ദളിത വിഭാഗങ്ങള്‍ക്കും ഏറെ സ്വാധീനമുളള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ക്യാംപയിൻ ശക്തമാക്കാനാണ് കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, ലോക് സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കര്‍ഷകര്‍ സംയുക്തമായി കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നവംബർ 7 മുതൽ 30 വരെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3നാണ് ഫലപ്രഖ്യാപനം. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നിയമസഭാ തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top