ധനമന്ത്രി ബാലഗോപാലിന് തണുപ്പ് പോര; പുതിയ എസി സ്ഥാപിക്കാന്‍ ആറ് ലക്ഷം; ചെലവ് ചുരുക്കൽ ‘സെലക്ടീവായി’ മാത്രം

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഓഫീസ് നവീകരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുള്ള മന്ത്രിയുടെ ഓഫീസില്‍ പുതിയ എയര്‍ കണ്ടീഷ്നർ സ്ഥാപിക്കുന്നതടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി. 6,11,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഊര്‍ജ്ജ വകുപ്പിന്റെ മൂന്ന് സെക്ഷനുകള്‍ മന്ത്രിയുടെ ഓഫീസുമായി കൂട്ടിചേര്‍ത്താണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍.
ധനമന്ത്രിയായിരുന്നപ്പോള്‍ തോമസ് ഐസക്ക് ഉപയോഗിച്ചിരുന്ന ഓഫീസാണ് ബാലഗോപാലും ഉപയോഗിക്കുന്നത്. ആദ്യം മുതല്‍ തന്നെ സൗകര്യക്കുറവ് മന്ത്രി ഉന്നയിച്ചിരുന്നതായാണ് വിവരം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാരണങ്ങളാല്‍ വിമര്‍ശനം ഭയന്ന് നവീകരണം വൈകിക്കുകയായിരുന്നു.
ഓഫീസിലെ ഫര്‍ണിച്ചർ അടക്കമുള്ളവയുടെ നവീകരണത്തിനും ഉടന്‍ പണം അനുവദിക്കും. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടയിലാണ് ഈ ധൂര്‍ത്തും നടക്കുന്നത്. അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ അടക്കം മുടങ്ങി കിടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുടിശികയിലെ രണ്ട് ഗഡുവെങ്കിലും കൊടുത്ത് തീര്‍ക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുക്കാനാണ് നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here