‘നല്ലേപ്പിള്ളിയിൽ കണ്ടത് ബിജെപിയുടെ വിശ്വരൂപം’; ക്രിസ്മസ് കേക്കുമായി എത്തുന്നവര്‍ തന്നെയാണ് ക്രൈസ്തവരെ വേട്ടയാടുന്നതെന്ന് സന്ദീപ് വാര്യർ
പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും യഥാർത്ഥ ബിജെപി എന്താണെന്ന് നല്ലേപ്പിള്ളിയിലെ സംഭവം കാണിച്ചുതരുന്നുവെന്നുമാണ് സന്ദീപിൻ്റെ കുറ്റപ്പെടുത്തൽ. സാമുദായിക സൗഹാർദം തകർത്ത് വോട്ടു നേടാനുള്ള ശ്രമം ഏറെക്കാലമായി ബിജെപി നടത്തുന്നുണ്ട്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഉത്തമ ദൃഷ്ടാന്തമാണ് നല്ലേപ്പിള്ളിയിൽ അരങ്ങേറിയതെന്നും സന്ദീപ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയ ബിജെപി പ്രവർത്തകരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളുകളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പോലും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.
ഒരു വശത്ത് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി പോകുമ്പോൾ മറുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്. ഒരു സ്കൂളിൽ കുട്ടികൾ സംഘടിപ്പിച്ച കരോളിനെ പോലും ആക്രമിക്കാനുള്ള ശ്രമം, കേരളത്തിലെ സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിടുന്നതാണെന്നും സന്ദീപ് ആരോപിച്ചു.
ഇന്നലെ പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി കരോള്‍ നടക്കുമ്പോഴാണ് വിഎച്ച്പി പ്രവർത്തകർ എത്തി തടഞ്ഞത്. ഇവര്‍ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവരിൽ കെ അനില്‍കുമാര്‍, വി സുശാസനന്‍ എന്നിവർക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here