കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് സന്ദീപ് വാര്യര്‍; ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി മാത്രം; സതീശനും ഡല്‍ഹിക്ക്
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ കസേരയായി. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സന്ദീപ് വാര്യരെ നിയമിക്കാന്‍ ധാരണയായി എന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാന നേതൃത്വവുമായി ആശയ വിനിമയം നടത്താതെ നേരിട്ട് ഹൈക്കമാന്‍ഡുമായാണ് സന്ദീപ് വാര്യരുടെ ചര്‍ച്ചകള്‍ മുഴുവന്‍. ഡല്‍ഹിയില്‍ നേരിട്ടെത്തി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുമായി കെസി വേണുഗോപാലുമായി സന്ദീപ് ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയുമായും കൂടിക്കാഴ്ച നടത്തി.
ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണാനുള്ള ശ്രമത്തിലാണ് സന്ദീപ്. കോണ്‍ഗ്രസിലേക്ക് കടന്നുവന്നപ്പോള്‍ തന്നെ ഹൈക്കമാന്‍ഡില്‍ നിന്ന് സന്ദീപിന് ഉറപ്പുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിക്കാതെ ഹൈക്കമാന്‍ഡില്‍ നിന്ന് തന്നെ ഉറപ്പുകള്‍ നേടിയെടുക്കാനാണ് സന്ദീപിന്റെ ശ്രമം. ഇതിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയുമുണ്ട്. കേരളത്തില്‍ ഇത്തരമൊരു ചര്‍ച്ച നടന്നാല്‍ സ്ഥാന മോഹികളുടെ എതിര്‍പ്പ് സ്വാഭാവികമായി ഉയരും. മറിച്ച് ഹൈക്കമാന്‍ഡ് തന്നെ തീരുമാനം പ്രഖ്യാപിച്ചാല്‍ അത് ഒഴിവാക്കാം എന്നാണ് സതീശന്റേയും സുധാകരന്റേയും കണക്കുകൂട്ടല്‍. ചര്‍ച്ചകള്‍ക്കായി സതീശനും ഇന്ന് ഡല്‍ഹിക്ക് എത്തുന്നുണ്ട്. വൈകുന്നേരം കൊച്ചിയില്‍ നിന്നാണ് സതീശന്റെ യാത്ര
ബിജെപിയില്‍ നിന്ന് എത്തിയത് മുതല്‍ സന്ദീപിനെ ഭംഗിയായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നുണ്ട്. പരമാവധി വേദികളില്‍ സന്ദീപിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സജീവമായി പ്രവര്‍ത്തിക്കാന്‍ പദവി അനിവാര്യമെന്നാണ് സന്ദീപ് പറയുന്നത്. കോണ്‍ഗ്രസില്‍ പുനസംഘന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സന്ദീപിന്റെ കാര്യത്തില്‍ അതുവരെ കാത്ത് നില്‍ക്കില്ല. താഴെ തട്ട് മുതലുളഅള പുനസംഘടന പൂര്‍ത്തിയാക്കാന്‍ സമയം എടുക്കും എന്നതിനാലാണ് ഇത്.
ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ് സന്ദീപ്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ കൂടി ഇരുത്തി ആ അനുകൂലഘടകം പരമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here