അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ചാടിക്കാന്‍ സന്ദീപ് വാര്യര്‍; പോയത് ചെറിയ മീനല്ലെന്ന് തിരിച്ചറിഞ്ഞ് സുരേന്ദ്രനും ബിജെപിയും
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍ കുത്തില്‍ വലയുകയാണ് കേരളത്തിലെ ബിജെപി. നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രദേശിക തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണ്. കൂടാതെ പാര്‍ട്ടിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സന്ദീപ് വാര്യരെ ഇറക്കി കളിക്കുകയാണ്. ബിജെപിയുടെ സംസ്ഥാനത്തെ ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പ്രതിസന്ധി എങ്ങനെ നേരിടും എന്ന് തലപുകയ്ക്കുകയാണ് ബിജെപി നേതൃത്വം.
സന്ദീപ് വാര്യര്‍ പാലക്കാട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി വിട്ടപ്പോള്‍ നിസാരന്‍ എന്ന് പറഞ്ഞ് അവഗണിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം ശ്രമിച്ചത്. പാലക്കാട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇതെല്ലാം. എതിര്‍ ചേരിയിലുളള നേതാക്കളെ പാലക്കാട് അടുപ്പിക്കാതെ സ്വന്തം നിലക്ക് പ്രചരണം നയിച്ചു. ഇതിനിടയിലെ സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുളള മാറ്റം ചെറിയ ക്ഷീണമായെങ്കിലും അത് പുറത്ത് എത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ കൊടുത്തു. എന്നാല്‍ വോട്ടെണ്ണിയപ്പോഴാണ് സന്ദീപ് ചെറിയ മീനല്ലെന്ന ബോധ്യം സുരേന്ദ്രനുണ്ടായത്. ആര്‍എസ്എസിന് ഇത് നേരത്തെ തന്നെ അറിയാമായിരുന്നു എന്നു വേണം കരുതാന്‍. ബിജെപി മിണ്ടാതിരുന്നപ്പോള്‍ ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് തന്നെ സന്ദീപിന്റെ വീട്ടിലെത്തിയത് ഇതിന് തെളിവാണ്.
തോല്‍വിക്ക് പിന്നാലെ പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംസ്ഥാന അധ്യക്ഷന്റെ നടപടി വലിയ പൊട്ടിത്തെറി ഉണ്ടാക്കി. ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനും പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനുമെല്ലാം സുരേന്ദ്രനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചു. 18 കൗണ്‍സിലര്‍ രാജി ഭീഷണിയും മുഴക്കി. ഈ സമയത്താണ് വീണ്ടും സന്ദീപ് വാര്യര്‍ അവതരിച്ചത്. എതിര്‍ സ്വരം ഉന്നയിച്ച കൗണ്‍സിലര്‍മാരുമായി സന്ദീപ് ചര്‍ച്ച നടത്തിയതായാണ് വിവരം. ബിജെപിക്കും ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെ പരസ്യപ്രസ്താവന വിലക്കി രഹസ്യമായി പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം നടക്കുന്നത്.
ഇന്ന് സന്ദീപ് വാര്യര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂടി ഇട്ടതോടെ കാര്യങ്ങള്‍ വ്യക്തമാണ്. ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ , കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്.’ സന്ദീപ് കുറിച്ചു.
പാലക്കാട് മാത്രമല്ല സന്ദീപ് വാര്യരുടെ ഓപ്പറേഷൻ ബിജെപി ഭയക്കുന്നത്. പാർട്ടിയില്‍ നിന്ന് രാജിവച്ച മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നതും സന്ദീപാണ്. ബിജെപിയിലെ പ്രധാന മുഖമായി ചാനല്‍ ചര്‍ച്ചകളില്‍ അടക്കം നിറഞ്ഞു നിന്ന നേതാവായിരുന്നു സന്ദീപ് വാര്യര്‍. അതുകൊണ്ട് തന്നെ താഴെതട്ടിലുള്ള പ്രവര്‍ത്തകരില്‍ വരെ സന്ദീപിന് സ്വാധീനമുണ്ട്. ഈ സ്വാധീനം പരമാവധി മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിലൂടെ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ചെറുക്കാം എന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here