ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ചു!! എം സ്വരാജിന്റെ പരിഹാസം ഏറ്റുപിടിച്ചത് സന്ദീപ് വാര്യർക്ക് വീണ്ടും വിനയാകുന്നു; തെറ്റിദ്ധരിച്ച് കോൺഗ്രസുകാരും

ടെലിവിഷന്‍ ചര്‍ച്ചകളില്‍ ബിജെപിക്കായി തീപ്പൊരി പോരാട്ടം നടത്തിയാണ് സന്ദീപ് വാര്യര്‍ ശ്രദ്ധേയനായത്. പല ചര്‍ച്ചകളിലും കടുത്ത പ്രയോഗങ്ങളും നേരിട്ടുളള പോര്‍വിളികളും പതിവായിരുന്നു. ഇപ്പോള്‍ ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് കൊടിക്കീഴില്‍ സന്ദീപ് രാഷ്ട്രീയ അഭയം തേടുമ്പോള്‍ സൈബര്‍ ലോകത്ത് സന്ദീപിന്റെ പല പഴയ പരാമര്‍ശങ്ങളും വീണ്ടും പ്രചരിക്കുകയാണ്. ഇതില്‍ പ്രധാനം ‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു’ എന്നതും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുമായി നേരിട്ട് നടന്ന പോര്‍വിളിയുമാണ്.

പ്രതിപക്ഷനേതാവിനെ സര്‍സംഘ് ചാലക് ആക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്, എന്ന വിഷയത്തില്‍ മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഗാന്ധിവധം സംബന്ധിച്ച വിവാദ പരാമര്‍ശം ഉണ്ടായത്. ബിജെപിക്കായി സന്ദീപ് വാര്യരും സിപിഎമ്മില്‍ നിന്നും എം സ്വരാജും കോണ്‍ഗ്രസില്‍ നിന്ന് ജോസഫ് വാഴയ്ക്കനുമാണ് പങ്കെടുത്തത്. എം സ്വരാജ് ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സംസാരിച്ചത്. ആര്‍എസ്എസ് എന്ന് പറയുന്നത് തന്നെ മനുഷ്യത്വമുളളവര്‍ക്ക് അപമാനമാണ്, എണ്ണിയാല്‍ ഒടുങ്ങാത്ത വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ ആളുകളെ കൊന്നതിന്റെ രക്തവുമായാണ് ആര്‍എസ്എസ് ഇന്ത്യാ ചരിത്രത്തില്‍ നില്‍ക്കുന്നത്. മഹാത്മാഗാന്ധി ആര്‍എസ്എസ് ആണെന്ന നിലയിൽ സന്ദീപ് സംസാരിച്ചത് കടന്ന കൈയായിപ്പോയി. ധ്വജം ഉയര്‍ത്തി എന്നാണ് പറഞ്ഞത്. ധ്വജം ഉയര്‍ത്തിയതിലെ നന്ദി സൂചകമായിട്ടാണോ എന്നറിയില്ല, ഗാന്ധിജിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നിട്ടും കലി തീരാതെ ബിജെപി എംപി ഇപ്പോഴും ഗാന്ധിജിയുടെ കോലം ഉണ്ടാക്കി വെടിവയ്ക്കുകയാണെന്ന് സ്വരാജ് വിമര്‍ശിച്ചു. പിന്നാലെ കോണ്‍ഗ്രസ് പ്രതിനിധി ജോസഫ് വാഴക്കനും ബിജെപി ആര്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചു.

ഇതിനുശേഷം അവതാരകനായ അയ്യപ്പദാസ് വീണ്ടു സ്വരാജിലേക്ക് പോയപ്പോള്‍ സന്ദീപ് വാര്യര്‍ അസ്വസ്ഥനായി. തനിക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ക്ഷോഭിച്ചു. സിപിഎം പ്രതിനിധി അവതാരകനെ മുട്ടിലിഴയ്ക്കുകയാണെന്ന് പരിഹസിച്ചു. ഈ തര്‍ക്കത്തിന്പിന്നാലെയാണ് വിവാദ പരാമർശം ഉണ്ടായത്.

“അച്ഛന്‍മാരുടെ ആര്‍എസ്എസ് ബന്ധമാണ് ഇവര്‍ അന്വേഷിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ അന്വേഷിക്കേണ്ടത് സോമനാഥ് ചാറ്റര്‍ജി എന്ന സിപിഎമ്മിന്റെ എക്കാലത്തേയും മഹാനായ നേതാവിന്റെ അച്ഛന്റെ രാഷ്ട്രീയ ബന്ധമാണ്. അ രാഷ്ട്രീയ ബന്ധം ആരുമായിട്ടായിരുന്നു? ഹിന്ദു മഹാസഭയുമായിട്ട് ആയിരുന്നു. ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്നു നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി. മഹാത്മ ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിന്നീട് സിപിഎം ചിലവിലാണ് എപിയായത്. എന്താ അദ്ദേഹത്തിന്റെ കാലത്ത് ഹിന്ദു മഹാസബ ചെയ്ത കുറ്റം? ഗാന്ധിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു. ഞാന്‍ സ്വരാജിനെ വെല്ലുവിളിക്കുകയാണ്, നിങ്ങളുടെ നേതാക്കള്‍ക്ക് ധൈര്യമുണ്ടോ ചങ്കൂറ്റമുണ്ടോ ആര്‍എസ്എസിന്റെ മേല്‍ ഗാന്ധി വധത്തിന്റെ പാപം ആരോപിക്കാൻ?”. ഇങ്ങനെ ആയിരുന്നു സന്ദീപിന്റെ അന്നത്തെ വാക്കുകള്‍.

ഇതാണ് അന്നത്തെ ചര്‍ച്ചയില്‍ നടന്നത്. എന്നാല്‍ ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു, എന്ന പരാമര്‍ശം മാത്രം അടര്‍ത്തിയെടുത്ത് ആണ് സന്ദീപിനെതിരെ വ്യാപകമായി പ്രചരിപ്പിച്ചത്. ഈ പരാമര്‍ശം പരിഹാസ രൂപേണ ആദ്യം ചര്‍ച്ചയില്‍ നടത്തിയത് സ്വരാജായിരുന്നു. അതിനെ പരിഹസിച്ചാണ് സന്ദീപ് വീണ്ടും അതെടുത്ത് പ്രയോഗിച്ചത്.

അന്നും ഇന്നും വിമര്‍ശനങ്ങളില്‍ ഒരിടത്തും ഈ സാഹചര്യം പരമർശിക്കപ്പെട്ടിട്ടില്ല. പകരം സന്ദീപിൻ്റെ പ്രയോഗം യാഥാർഥ്യമാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ കെ.മുരളീധരൻ പോലും ഇതെടുത്ത് പ്രയോഗിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top