ഇവിടെ കേക്ക് വിതരണവും കെട്ടിപ്പിടിക്കലും; വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് അടിയും തൊഴിയും

ക്രിസ്ത്യാനികളോട് കേരളത്തിൽ അമിതപ്രേമവും വാത്സ്യല്യവുമൊക്കെ പ്രകടിപ്പിക്കാറുള്ള ബിജെപിയും സംഘപരിവാർ സംഘടനകളുമൊക്കെ സംസ്ഥാനത്തിന് പുറത്ത് ക്രൈസ്തവരെ നിരന്തരം ചവിട്ടി കൂട്ടുന്നത് പതിവാണ്. ഏറ്റവും ഒടുവിൽ ഇന്നലെ രാത്രി മധ്യപ്രദേശിലെ ജബൽപൂരിൽ ഒരുപറ്റം കത്തോലിക്കാ വൈദികരേയും കന്യാസ്ത്രീകളേയും വിശ്വാസികളേയും ബജ്രംഗ്ദൾ പ്രവർത്തകർ അതിക്രൂരമായി മർദ്ദിക്കുകയും അക്രമിക്കുകയും ചെയ്തതായി യുണൈറ്റഡ് കാത്തലിക് ന്യൂസ്.
ജൂബിലി വർഷം പ്രമാണിച്ച് തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് നടത്തിയ റാലി തടയുകയും പോലീസ് വൈദികരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജബൽപൂരിലെ മണ്ഡല പ്രദേശത്തെ ദേവാലയത്തിലെ വൈദികരും വിശ്വാസികളും ഒരുമിച്ച് തൊട്ടടുത്ത തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകും വഴിയാണ് ഒരുസംഘം ബജരംഗ്‌ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. വികാരി ജനറൽ ഫാദർ ഡേവിസ്, ഫാദർ ടി.ജോർജ് എന്നിവർക്കാണ് പരിക്കേറ്റത്. മർദനമേറ്റിട്ടും വൈദികർ പ്രകോപനമുണ്ടാകാതെ ശാന്തരായി നിൽക്കുകയായിരുന്നു.
പതിവുപോലെ ആർഎസ്എസ് നേതൃത്വം ഔദ്യോഗികമായി ഈ സംഭവത്തിൽ നിന്ന് അകലം പാലിക്കുകയാണ്. എന്നാൽ ഈ അക്രമസംഭവത്തെ അപലപിക്കുകയോ അക്രമികളെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here