പരുക്ക് നിസാരമല്ല; സിനിമാ ഷൂട്ടിങ് സെറ്റിലെ കാറപകടത്തിൽ കേസെടുത്ത് കൊച്ചി പോലീസ്
എറണാകുളം എംജി റോഡിൽ സിനിമാ ഷൂട്ടിങ്ങിനിടെ അമിതവേഗതയിൽ പാഞ്ഞ കാർ തലകീഴായി മറിഞ്ഞതിൽ പരാതിക്കാർ ഇല്ലാത്തതിനാൽ കേസെടുക്കേണ്ടെന്ന് ആദ്യം ധാരണയിലെത്തിയ പോലീസ്, പക്ഷെ നടൻ സംഗീത് പ്രതാപിൻ്റെ പരുക്കിൻ്റെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കണ്ടതോടെ തീരുമാനം മാറ്റി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന സംഗീതിൻ്റെ നട്ടെല്ലിലെ പൊട്ടൽ അടക്കം പരുക്കുകൾ അത്രക്കുണ്ട്. എംജി റോഡിൽ സിനിമാ ഷൂട്ടിങ്ങിനായി ഓടിച്ച കാർ പല വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞ വാർത്ത കേട്ടാണ് ശനിയാഴ്ച നേരം പുലർന്നത്.
നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ സംഗീതിൻ്റെ കഴുത്തിൻ്റെ ഭാഗത്തെ നട്ടെല്ലിൻ്റെ ഏറ്റവും താഴത്തെ രണ്ട് കശേരുക്കൾക്കും, നെഞ്ചിൻകൂടിൻ്റെ പുറകിലെ വാരിയെല്ലിൻ്റെ ഭാഗത്തും, നട്ടെല്ലിനും പൊട്ടലുണ്ട് എന്നാണ് സെൻട്രൽ പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഈ വിവരങ്ങൾ മൊഴിയായി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാറോടിച്ചയാളെ പ്രതിയാക്കി കാണിച്ചാണ് ക്രൈം നമ്പർ 1234/2024 എന്ന നമ്പറായി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പുലർച്ചെ ഒന്നേകാലോടെ അമിതവേഗതയിൽ പാഞ്ഞ കാർ മറ്റൊരു കാറിലും റോഡരികിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകളിലും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇവരിൽ നാശനഷ്ടം ഉണ്ടായവരുമായി സംസാരിച്ച് ഒത്തുതീർപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ പരാതിയുമായി ആരും പോലീസിന് മുന്നിലെത്തിയില്ല. വാഹനാപകടങ്ങളില്‍ പരാതി ലഭിക്കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. ഈ സാഹചര്യത്തിൽ തുടർനടപടിയെല്ലാം ഒഴിവായെന്ന പ്രതീതി ഉണ്ടായിരിക്കെയാണ് സിനിമയിലെ അഭിനേതാക്കളിൽ ഒരാളുടെ തന്നെ മൊഴിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
‘ബ്രൊമാന്‍സ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. സിനിമയിലെ നായികാവേഷം ചെയ്യുന്ന മഹിമ നമ്പ്യാര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന സീനാണ് ചിത്രീകരിച്ചിരുന്നത്. നായികയെ ഉള്ളിലിരുത്തിയുള്ള സീനുകള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷം അതിൻ്റെ ഡ്രോണ്‍ ഷോട്ട് ആണ് എടുക്കാൻ ശ്രമിച്ചത്. അതുകൊണ്ട് തന്നെ മഹിമ ഉള്ളിൽ ഉണ്ടായിരുന്നില്ല. നായികക്ക് പകരം സ്റ്റണ്ട് ടീമിലെ ഡ്രൈവര്‍ ആയിരുന്നു വാഹനം ഓടിച്ചത്. മുന്‍ സീറ്റില്‍ അര്‍ജുനും പിന്നില്‍ സംഗീതും ഉണ്ടായിരുന്നു.
ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍ ജോസിന്റെ പുതിയ ചിത്രമാണ് ബ്രൊമാന്‍സ്. ആഷിക് ഉസ്മാന്‍ നിര്‍മക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here