ഛത്തീസ്ഗഡിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് അടച്ചുപൂട്ടണമെന്ന് സംഘപരിവാര്‍; കന്യാസ്ത്രീക്ക് എതിരെ മതംമാറ്റത്തിന് കേസെടുത്തതിന് പിന്നാലെ പ്രതിഷേധം

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലുള്ള ക്രിസ്ത്യന്‍ നഴ്സിംഗ് കോളജിലെ മലയാളി കന്യാസ്ത്രിയും പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തതിന് പിന്നാലെ സംഘപരിവാര്‍ പ്രതിഷേധം. കോളേജ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ സമരം തുടങ്ങി. പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുത്ത വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മാധ്യമ സിന്‍ഡിക്കറ്റ് ആയിരുന്നു.

ജാഷ്പൂര്‍ ജില്ലയിലെ കുംക്രിയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് നഴ്സിങ് കോളേജിലേക്ക് വിഎച്ച്പി – ബജ്രംഗ്ദള്‍ തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. അഞ്ഞൂറിലധകം വരുന്ന സംഘ പരിവാര്‍ പ്രവര്‍ത്തകരാണ് നഴ്സിങ് കോളേജിന് മുന്നില്‍ പ്രകടനമായെത്തിയത്. ഒരു കാരണവശാലും നഴ്‌സിംഗ് കോളേജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ പറഞ്ഞു. കോളേജിന്റെ സര്‍ക്കാര്‍ അനുമതി റദ്ദാക്കണമെന്നും എന്നന്നേക്കുമായി അടച്ചുപൂട്ടണമന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് വിഎച്ച്പി പരാതിയും നല്‍കി.

ഈ മാസം രണ്ടിനാണ് മതംമാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പെണ്‍കുട്ടി പരാതി നല്‍കിയത്. ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി (ജിഎന്‍എം) വിദ്യാര്‍ത്ഥിയുടെ ആരോപണം. എന്നാല്‍ ബിന്‍സി ജോസഫ് ഈ ആരോപണം നിഷേധിച്ചു.
അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പരാതിക്കാരി, ഈ വര്‍ഷം ജനുവരി മുതല്‍ കോഴ്സിന്റെ ഭാഗമായുള്ള ഹോസ്പിറ്റല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇതോടൊപ്പം അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായ തിയറി ക്ലാസുകളിലും ഹാജരായില്ല. ഇങ്ങനെ നിരന്തരം ക്ലാസുകളില്‍ നിന്നും പ്രാക്ടിക്കലുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അധ്യാപകരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളുമായി കോളജിലെത്താന്‍ താന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരും വന്നില്ല.
അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കയുള്ളു എന്നറിയിച്ചു. നിലവില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്ടിക്കലിനും 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷക്ക് എഴിതാന്‍ കഴിയുകയുള്ളൂ. പരാതിക്കാരിക്ക് വെറും 32 ശതമാനം ഹാജര്‍ മാത്രമാണുള്ളത്. എന്നിട്ടും തിയറി പരീക്ഷ എഴുതാന്‍ അനുവദിച്ചു. പക്ഷേ, പ്രാക്ടിക്കലും ആശുപത്രി വാര്‍ഡ് ഡ്യൂട്ടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവെന്ന് കുട്ടിയോട് വ്യക്തമാക്കിയിരുന്നതായി ബിന്‍സി ജോസഫ് നേരത്തെ മാധ്യമ സിന്‍ഡിക്കറ്റിനോട് വെളിപ്പെടുത്തിയിരുന്നു.
കാളജ് ആവശ്യപ്പെട്ട വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാമെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരിയില്‍ വിദ്യാര്‍ത്ഥി സത്യവാങ് മൂലം നല്‍കിയിരുന്നതായി കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റീമ മാത്യു പറഞ്ഞു. എന്നാല്‍ എഴുതി തന്ന പ്രകാരമുള്ള യാതൊരു കാര്യവും ആ വിദ്യാത്ഥി പൂര്‍ത്തിയാക്കിയില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. പിന്നീടാണ് പെണ്‍കുട്ടി ജില്ലാ കലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും തന്നെ മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് കാണിച്ച് പരാതി നല്‍കിയത്. ഛത്തീസ്ഗഡിലെ പുരാതമായ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് ഹോളിക്രോസ് ആശുപത്രി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here