ക്രിസ്ത്യൻപള്ളികൾക്ക് മേലെ കാവി കൊടികെട്ടി; മധ്യപ്രദേശിലെ ജാബുവയിൽ സംഘപരിവാർ സംഘടനകൾക്കെതിരെ നടപടി വേണമെന്ന് ദിഗ്വിജയ് സിങ്

ഭോപ്പാല്‍ : ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ നാല് ക്രൈസ്ത ദേവാലയങ്ങള്‍ക്ക് മുകളില്‍ കാവി കൊടികെട്ടി സംഘപരിവാര്‍ സംഘടനകള്‍. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കിടയിലാണ് പള്ളികളിലെ കുരിശിനു മുകളില്‍ കൊടികെട്ടിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൊടികെട്ടിയതിന്റെ വീഡിയോ സഹിതം കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. വീടുകളിലും സ്ഥാപനങ്ങളിലും കൊടി കെട്ടാറുണ്ടെന്നും പള്ളികള്‍ മാത്രമായി ഒഴിവാക്കാനാവില്ല എന്നുമാണ് കൊടികെട്ടാനെത്തിയവര്‍ പറഞ്ഞത്. ജയ് ശ്രീറാം വിളികളോടെയാണ് 50 അംഗ സംഘം പള്ളികള്‍ക്ക് മുകളില്‍ കയറി കൊടി കെട്ടിയത്.

ശാലോം സഭയുടെ ഉടമസ്ഥതയിലുള്ള മൂന്ന് പള്ളികളിലും സിഎസ്‌ഐ സഭയുടെ ഒരു പള്ളിയിലുമാണ് കാവി കൊടികെട്ടിയത്. ദബ്തലായി, ധാമി നാഥു, ഉബരേശ്വര്‍, മാതാസുല എന്നീ പ്രദേശങ്ങളിലുള്ള പള്ളികളിലാണ് സംഘപരിവാര്‍ സംഘടനയില്‍പെട്ടവര്‍ കൊടികെട്ടിയത്. പള്ളി അധികൃതര്‍ പോലീസില്‍ രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ല എന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് കത്തോലിക്കാ സഭയുടെ ജാബുവ രൂപതാ പിആര്‍ഒ ഫാദര്‍ റോക്കി ഷാ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പോലീസ് സ്ഥലത്ത് എത്തി മൂന്ന് പള്ളികള്‍ക്ക് മുകളിലുള്ള കൊടികള്‍ അഴിച്ച് മാറ്റിയിട്ടുണ്ട്.

ജാബുവ ജില്ലയിലെ സ്‌കൂളുകളില്‍ ക്രിസ്മ്‌സ് ആഘോഷത്തിന് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍വിവാദമായിരുന്നു. സാന്താക്ലോസിന്റെ വേഷം കെട്ടിച്ചും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ പരിപാടികള്‍ക്കും മാതാപിതാക്കളുടെ അനുമതിപത്രം വേണമെന്നായിരുന്നു വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ്. 2021ല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും പള്ളികള്‍ തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. ബജരംഗദളിന്റെ നേതൃത്വത്തിലാണ് ഒട്ടുമിക്ക സംഭവങ്ങളും അരങ്ങേറിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 35 അക്രമങ്ങളുണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകൾ പറയുന്നു.

കഴിഞ്ഞയാഴ്ച ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി വൈദികനായ ഫാ.അനില്‍ മാത്ര്യുവിനെ അറസറ്റ് ചെയ്തിരുന്നു. ശിശുസംരക്ഷണ കേന്ദ്രത്തിന് അംഗീകാരമില്ലെന്ന കാരണം ചൂണ്ടികാട്ടിയായിരുന്നു അറസ്റ്റ്. മതപരിവര്‍ത്തന നിരോധന നിയമവും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top