പ്രതിഷേധമുയർന്ന സഞ്ജൗലി മസ്ജിദിലെ അനധികൃത നിർമാണം പൊളിക്കാൻ തുടങ്ങി; സുപ്രീം കോടതി വരെ പോരാടുമെന്ന് മുസ്‌ലിം സംഘടനകൾ

ഷിംലയിലെ സഞ്ജൗലി മസ്ജിദിൽ അനധികൃതമായി നിർമ്മിച്ച മൂന്നു നിലകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി. മസ്ജിദിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന് ഷിംല മുനിസിപ്പൽ കമ്മീഷണർ കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി മസ്ജിദ് കമ്മിറ്റിക്കും വഖഫ് ബോർഡിനും കോടതി രണ്ടു മാസത്തെ സമയവും അനുവദിച്ചിരുന്നു. തുടർന്നാണ് പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്.
കോടതി വിധി അനുസരിച്ച് മസ്ജിദിലെ മൂന്ന്, നാല്, അഞ്ച് നിലകളാണ് പൊളിച്ചു നീക്കുക. മസ്ജിദിലെ അനധികൃത നിർമാണത്തിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിൽ 10 പേർക്ക് പരുക്കേറ്റതിന് പിന്നാലെയാണ് അനധികൃത നിർമാണം പൊളിച്ചു മാറ്റാൻ തയ്യാറാണെന്ന് കാട്ടി സഞ്ജൗലി മസ്ജിദ് കമ്മിറ്റി പ്രതിനിധികൾ ഷിംല മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഭൂപേന്ദ്ര അത്രിക്ക് നിവേദനം നൽകിയത്.
സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും ഉറപ്പാക്കാനാണ് മസ്ജിദ് പൊളിക്കാനുള്ള തീരുമാനമെടുത്തത്. ഞങ്ങൾ വഖഫ് ബോർഡുമായും പൊതുജനങ്ങളുമായും പ്രാദേശിക കടയുടമകളുമായും മറ്റുള്ളവരുമായും സംസാരിച്ചു. സമാധാനം നിലനിൽക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടുവെന്ന് സഞ്ജൗലി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ലത്തീഫ് പറഞ്ഞു.
എന്നാൽ ഷിംല എംസി കോടതിയുടെ തീരുമാനത്തിൽ സംസ്ഥാനത്തെ മുസ്ലീം സംഘടനകൾക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും സുപ്രീം കോടതി വരെ പോരാടുമെന്നും ഓൾ ഹിമാചൽ മുസ്‌ലിം ഓർഗനൈസേഷൻ (എഎച്ച്എംഒ) വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here