നൂറുകോടിയുടെ അഴിമതി ആരോപണം തിരിച്ചടിച്ചു; ശിവസേന എംപി 15 ദിവസം ജയിലിൽ

രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ സഞ്ജയ് റാവത്തിന് തടവുശിക്ഷ. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ ഡോ.മേധ കിരിത് സോമയ്യ നല്‍കിയ മാനനഷ്ടക്കേസിലാണ് ശിവസേന നേതാവിന് മുംബൈയിലെ മസ്ഗാവിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് 15 ദിവസത്തെ തടവും 25,000 രൂപ പിഴയും വിധിച്ചത്.

മുംബൈയ്ക്ക് സമീപത്തെ മീരാ ഭയന്ദർ കോർപറേഷൻ പരിധിയിലെ പൊതു ശൗചാലയങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മേധ കിരിതും ഭർത്താവും ചേർന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് റാവത്ത് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മേധ കിരിത് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനകൾ അപകീർത്തികരമാണ്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പ്രസ്താവനകൾ നടത്തിയിരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 499 (ക്രിമിനല്‍ മാനനഷ്ടം) പ്രകാരം റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച കോടതി റാവത്തിന് തടവു ശിക്ഷയും പിഴയും വിധിക്കുകയായിരുന്നുവെന്ന് ഡോ.മേധ കിരിത് സോമയ്യയുടെ അഭിഭാഷകൻ വിവേകാനന്ദ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top