യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകും; നടപടികള്‍ കടുപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്; യൂട്യൂബര്‍ കുരുങ്ങും

ആലപ്പുഴയില്‍ കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ സൃഷ്ടിച്ച് കുളിച്ച് യാത്രചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ മോട്ടോര്‍വാഹനവകുപ്പ് റിപ്പോർട്ട്‌ നൽകും. സഞ്ജുവിനെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും
വിശദമായ റിപ്പോർട്ട്‌ നൽകണമെന്നും ആർടിഒക്ക് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

തനിക്ക് നല്‍കിയ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കെ ഇതും കൂടി ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ആകും കോടതിയില്‍ നല്‍കുക. യൂട്യൂബർക്കെതിരെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. പ്രോസിക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിച്ചേക്കും

ഇന്നലെ യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഞ്ജു മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ചത്. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് നന്ദിയുണ്ടെന്നുമാണ് പറഞ്ഞത്.

കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി യാത്ര നടത്തിയ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

സഞ്ജുവിനെ കുറ്റിപ്പുറത്ത് വകുപ്പിന്റെ ബോധവൽക്കരണ ക്ലാസിലെത്തിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനത്തിന് നിയോഗിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാ നടപടികളെ പരിഹസിച്ച് പുതിയ വീഡിയോയുമായി എത്തിയത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top