ഒരു ഫോണ്‍കോള്‍; സ്വാമി അമൃത ചൈതന്യയുടെ മുഖംമൂടി അഴിച്ച കഥ വെളിപ്പെടുത്തി കേരളശബ്ദം ലേഖകന്‍ എം.ആര്‍.അജയന്‍; സന്തോഷ് മാധവൻ വിടവാങ്ങുമ്പോൾ ആ അജ്ഞാത സോഴ്സ് എവിടെ
തിരുവനന്തപുരം: അവിചാരിതമായി വന്ന ഒരു ഫോണ്‍കോളാണ് സ്വാമി അമൃത ചൈതന്യ എന്ന എന്ന സന്തോഷ് മാധവൻ്റെ തട്ടിപ്പുകളിലേക്ക് വഴിതുറന്നത്. ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളി കേരളത്തിൽ സന്യാസിയായി വിലസുന്നുവെന്നും തിരുവനന്തപുരം വരെ വന്നാൽ എല്ലാ വിവരവും നൽകാമെന്നും ആയിരുന്നു സന്ദേശം. ഇതനുസരിച്ച് തലസ്ഥാനത്തെത്തി ഡിസിസി ഓഫീസിന് സമീപത്തെ ഫ്ളാറ്റിൽ ‘സോഴ്സിനെ’ നേരിൽകണ്ടു. അദ്ദേഹം നൽകിയ വിവരങ്ങൾ കൂടുതൽ പരിശോധിച്ചപ്പോൾ കൃത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും വിവാദ ആള്‍ദൈവത്തെ തുറന്നു കാണിച്ച ജേണലിസ്റ്റ് എം.ആര്‍.അജയന്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സ്വാമി അമൃത ചൈതന്യയുടെ വിവരങ്ങള്‍ തനിക്ക് നല്‍കിയ ആ അജ്ഞാത സോഴ്സിനെ പിന്നീട് ഒരിക്കലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അജയന്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇന്നലെ കൊച്ചിയിൽ സന്തോഷ് മാധവന്‍റെ അന്ത്യം. കേരളശബ്ദത്തില്‍ ആ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സന്തോഷ് മാധവന്റെ ചെയ്തികള്‍ പുറത്തുവരുകയും ചെയ്തതോടെ വന്‍ ഭീഷണിയാണ് ആ കാലത്ത് നേരിടേണ്ടി വന്നത്. വാര്‍ത്തയെ തുടര്‍ന്ന് സന്തോഷ് മാധവന്റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ കൊച്ചി പോലീസ് റെയ്ഡ് ചെയ്തു. അതിലൂടെ പുറത്തുവന്ന വിവരങ്ങൾ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അയാളുടെ മരണത്തിലും അതാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. അന്ന് ഭീഷണി രൂക്ഷമായതോടെ പോണ്ടിച്ചേരിയിലേക്കാണ് മാറിയത്. അവിടെ മന്ത്രിയായിരുന്ന വത്സരാജിന്റെ വീട്ടിലാണ് ഒരാഴ്ചയോളം താമസിക്കേണ്ടി വന്നുവെന്നും അജയന്‍ പറഞ്ഞു.
സന്തോഷ് മാധവന്‍ സ്കൂപ്പിനെക്കുറിച്ച് അജയന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:
“2008ലാണ് സംഭവം. ഞാന്‍ എറണാകുളത്തായിരിക്കെ ഒരു ഫോണ്‍ വന്നു. ഒരു വാര്‍ത്തയുണ്ട്, ചെയ്യാന്‍ ധൈര്യമുണ്ടോ എന്നാണ് ചോദ്യം. ചെയ്യാമെന്ന് പറഞ്ഞപ്പോൾ, തിരുവനന്തപുരത്ത് എത്താൻ കഴിയുമോയെന്ന് ചോദിച്ചു. അടുത്തദിവസം അവിടെയെത്തി തിരുവനന്തപുരം ഡിസിസി ഓഫീസിനു സമീപത്തെ ഫ്ലാറ്റില്‍ ആളെ കണ്ടു. സന്തോഷ് മാധവന്റെ കഥയാണ് അയാള്‍ എന്നോട് പറഞ്ഞത്. ആള്‍ദൈവം ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് എന്നാണ് പറഞ്ഞത്. അന്ന് കമ്പ്യൂട്ടര്‍ ഒന്നും അത്ര വ്യാപകമല്ല. അവര്‍ ഇന്റര്‍നെറ്റില്‍ പരതി ഇന്റര്‍പോള്‍ വെബ്സൈറ്റില്‍ കയറി മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ സന്തോഷ് മാധവന്റെ ചിത്രം എനിക്ക് കാണിച്ചുതന്നു. ദുബായില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നും 45 ലക്ഷത്തോളം തട്ടിയാണ് ഇയാള്‍ കേരളത്തിലേക്ക് മുങ്ങിയത്. അതിനാണ് സന്തോഷ് മാധവനെതിരെ കേസുള്ളത്. എന്നോട് സംസാരിച്ച ആളും സന്തോഷ് മാധവനും തമ്മില്‍ എന്തോ പ്രശ്നമുണ്ടായിരുന്നുവെന്ന് എനിക്ക് മനസിലായി. ഏതായാലും ഞാൻ വിവരങ്ങൾ ശേഖരിച്ച് മടങ്ങി.”
“അന്ന് കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോ.ബി.എ.രാജാകൃഷ്ണനായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ ഇന്റര്‍പോള്‍ സൈറ്റില്‍ ഉള്ള വ്യക്തിയും കേരളത്തിലെ സ്വാമിയും ഒരാള്‍ തന്നെയാണ് എന്ന് എങ്ങനെ തെളിയിക്കും എന്നാണ് അദ്ദേഹം ചോദിച്ചത്. അത് അന്വേഷിക്കാന്‍ പറഞ്ഞു. സന്തോഷ് മാധവന്റെ നാടായ കട്ടപ്പനയിൽ പോയി അന്വേഷിച്ചു. ഇയാള്‍ തട്ടിപ്പുകാരനായിരുന്നു എന്ന് മനസിലായിരുന്നു. അപ്പോഴാണ് ഒരു പത്രത്തില്‍ സന്തോഷ് മാധവനെക്കുറിച്ചുള്ള ഫീച്ചര്‍ കണ്ടത്. അതിലെ വിവരങ്ങളും ഇന്റര്‍പോള്‍ സൈറ്റിലെ വിവരങ്ങളും ഒന്നായിരുന്നു. ഇത് രാജാകൃഷ്ണന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്റ്റോറി പ്രസിദ്ധീകരിക്കാൻ എനിക്ക് അനുമതി നല്‍കി.”
അപ്രതീക്ഷിത റെയ്ഡില്‍ ആള്‍ദൈവം കുടുങ്ങി
“അന്താരാഷ്‌ട്ര കുറ്റവാളി കേരളത്തില്‍ സന്യാസി എന്ന തലക്കെട്ടിലാണ് കേരളശബ്ദം സ്റ്റോറി ചെയ്തത്. അത് വലിയ ഒച്ചപ്പാടുണ്ടാക്കി. ചാനലില്‍ ചര്‍ച്ചകള്‍ വന്നു. സന്തോഷ് മാധവനെതിരെ പരാതി നല്‍കിയ സ്ത്രീ കൈരളി ടിവിക്ക് അഭിമുഖവും നല്‍കി. അന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമായിരുന്നു. കടവന്ത്രയിലെ സന്തോഷ് മാധവന്റെ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ കസബ സിഐയോട് അദ്ദേഹം നിർദേശിച്ചു. കസബ പോലീസ് സന്തോഷ് മാധവന്റെ കടവന്ത്ര ഫ്ലാറ്റില്‍ റെയ്ഡ് നടത്തി അശ്ലീല സിഡികളും മറ്റ് രേഖകളും പിടിച്ചെടുത്തു.”
Read Also: ‘ആൾദൈവം’ സന്തോഷ് മാധവൻ ഹൃദയാഘാതം കാരണം മരിച്ചു; അന്ത്യം കൊച്ചിയിൽ
“അപ്പോഴാണ് ആത്മീയതയുടെ മറവില്‍ സന്തോഷ് മാധവന്‍ നടത്തിയ ലൈംഗിക കേളികളുടെയും തട്ടിപ്പുകളുടെയും വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ പോലീസ് കേസുകൾ രജിസ്റ്റര്‍ ചെയ്തു. ഇതോടെ എനിക്ക് ഭീഷണി വന്നു. ഞാൻ പോണ്ടിച്ചേരിയില്‍ പോയി ഒരാഴ്ചക്കാലം ഒളിവില്‍ താമസിച്ചു. ഫോണ്‍ ഓഫായിരുന്നു; ഓണ്‍ ചെയ്തയുടന്‍ കേരളശബ്ദം മാനേജിംഗ് എഡിറ്ററുടെ കോൾ വന്നു. കേരളശബ്ദം ലേഖകനെ കാണാനില്ല എന്ന് വാര്‍ത്തയുണ്ട്. കൊല്ലത്ത് വന്നു വാര്‍ത്താസമ്മേളനം നടത്തണം എന്നായിരുന്നു നിർദേശം. ഞാന്‍ കൊല്ലത്തെത്തി; ഒരാഴ്ചക്കുള്ളിൽ സന്തോഷ് മാധവന്‍ പിടിയിലാവുകയും ചെയ്തു. ബാക്കിയുള്ളതെല്ലാം ചരിത്രം.”-അജയന്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here