ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയ സാന്റിയാഗോ മാര്‍ട്ടിനാര്? കേരളത്തില്‍ സിപിഎമ്മിന്റെ തോഴനായിരുന്ന അതേ ലോട്ടറി രാജാവ് ബിജെപിക്കും കയ്യയച്ചുനൽകി; തെളിവുകൾ പുറത്ത്
ഇലക്ട്രറല്‍ ബോണ്ടിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിനൊപ്പം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് സാന്റിയാഗോ മാര്‍ട്ടിൻ്റേത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസ് എന്ന കമ്പനി 1368 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയെന്നാണ് എസ്ബിഐ പുറത്തുവിട്ട രേഖകള്‍ വെളിപ്പെടുത്തുന്നത്. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് കേരളത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട പേരാണ് സാന്റിയാഗോ മാര്‍ട്ടിന്റേത്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സിക്കിം ലോട്ടറി കേരളത്തില്‍ വിറ്റഴിക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് 4500 കോടിയുടെ നികുതി നഷ്ടം ഉണ്ടാവുന്നു എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണ, പ്രതിപക്ഷ മുന്നണികള്‍ ചേരിതിരിഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. അക്കാലത്ത് വിഡി സതീശന്‍ – തോമസ് ഐസക് ഏറ്റുമുട്ടലുകളും ചര്‍ച്ചകളും വന്‍ വാര്‍ത്തകളായിരുന്നു. ഒടുവില്‍ മാര്‍ട്ടിന് സിക്കിം ലോട്ടറിയുടെ കച്ചവടം കേരളത്തില്‍ അവസാനിപ്പിക്കേണ്ടി വന്നു. 2014ല്‍ സിക്കിം ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ നിരോധിച്ചു. ഈ കേസില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലാണ് ഇപ്പോഴും.
മാര്‍ട്ടിന് വേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി കേരള ഹൈക്കോടതിയില്‍ വന്നതിനെ യുഡിഎഫ് നേതൃത്വം വിമര്‍ശിച്ചിരുന്നു. മാര്‍ട്ടിന്റെ വക്കാലത്ത് കോണ്‍ഗ്രസ് വക്താവ് ഏറ്റെടുത്തത് കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ചു. കെപിസിസിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിങ് വി ആ കേസില്‍ നിന്ന് പിന്മാറി.
മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കിയത് ഭരണകക്ഷിയായ സിപിഎമ്മാണെന്ന വലിയ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ രണ്ടുകോടി രൂപയുടെ ബോണ്ട് നല്കിയത് പാര്‍ട്ടിയില്‍ വലിയ വിവാദമായി. ഇതേത്തുടര്‍ന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനം ഇപി ജയരാജന് രാജിവക്കേണ്ടി വന്നു. മാതൃഭൂമി പത്രമാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന കാലത്താണ് വിവാദം പുറത്തുവന്നത്. 2007 ജൂണ്‍ 29ന് സിപിഎം സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയ രണ്ടു കോടി തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഈ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മാര്‍ട്ടിനില്‍ നിന്ന് ബോണ്ട് വാങ്ങിയ ഇടപാട് സുതാര്യമാണെന്ന് പാര്‍ട്ടി ന്യായീകരിച്ചെങ്കിലും വിഎസ് പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടുകോടി മടക്കി നല്‍കി സിപിഎം തടിയൂരി.
മാര്‍ട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സംപ്രേക്ഷണം നടത്തിയിരുന്നത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയില്‍ മാത്രമായിരുന്നു. മാര്‍ട്ടിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയ സംഭവം വിവാദമായതോടെ കൈരളി ടിവി സിക്കിം ലോട്ടറിയുടെ ഫല പ്രഖ്യാപന സംപ്രേഷണവും നിര്‍ത്തി.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മാര്‍ട്ടിന്‍. മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ഏറ്റവും അടുപ്പമുള്ള വിശ്വസ്തരില്‍ ഒരാളായിരുന്നു. കരുണാനിധി തിരക്കഥയെഴുതിയ ഇളഗ്‌നന്‍ എന്ന ചിത്രം നിര്‍മ്മിച്ചത് മാര്‍ട്ടിനായിരുന്നു. കരുണാനിധി തിരക്കഥ എഴുതിയ 75ാമത്തെ സിനിമയെന്ന പ്രത്യേകതയുമുണ്ട്.
ഇതേ ലോട്ടറി രാജാവ് ബിജെപിക്കും കയ്യയച്ചുനൽകിയതിൻ്റെ തെളിവുകളാണ് ഇലക്ട്രൽ ബോണ്ട് വിവരങ്ങൾക്കൊപ്പം പുറത്തുവരുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് കമ്പനിക്കെതിരെ 2019 ല്‍ കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി കമ്പനിയുടെ 2019ല്‍ 250 കോടി രൂപയുടെ സ്വത്തുക്കളും 2022 ഏപ്രിലില്‍ 409 കോടി രൂപയുടെ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 1998 ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് സിക്കിം സര്‍ക്കാരിനെ കബളിപ്പിച്ച് മാര്‍ട്ടിനും കൂട്ടരും നേട്ടമുണ്ടാക്കിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ഇടപെടലും സ്വത്തു കണ്ടുകെട്ടലും.
അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ കേന്ദ്ര എജന്‍സികളുടെ അന്വേഷണം മുറുകിയതോടെയാണ് മാര്‍ട്ടിന്‍ ഇലക്ട്രൽ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് എന്നുവേണം അനുമാനിക്കാൻ. ഇയാളുടെ ഫ്യൂച്ചര്‍ ഗെയിമിങ് കമ്പിനിയുടെ ഇടപാടുകളെക്കുറിച്ച് അടിയന്തരമായി വിവരം അറിയിക്കണമെന്ന് കേന്ദ്രം 2019 സെപ്റ്റംബര്‍ 23ന് എട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇങ്ങനെയെല്ലാം അതീവ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ വ്യക്തിയാണ് 1368 കോടിയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിക്കൂട്ടിയത്.
അഴിമതിക്കെതിരായ പടനായകരാണ് ബിജെപിയും പ്രധാനമന്ത്രി മോദിയുമെന്ന ഭരണകക്ഷിയുടെ അവകാശവാദമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണമെത്തിയത് ബിജെപിയുടെ പോക്കറ്റിലേക്കാണെന്ന വിവരം പ്രധാനമന്ത്രിയേയും പാര്‍ട്ടിയേയും ഒരു പോലെ വെട്ടിലാക്കി. സംഭാവന കിട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കും വിധത്തിലുള്ള വിവരങ്ങളാണ് എസ്ബിഐ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയതിലൂടെ പുറത്തായത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രതിഛായ പൂര്‍ണമായി തകര്‍ന്നതായാണ് പ്രതിപക്ഷ ആരോപണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here