സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്; സഡന്‍ഡത്തില്‍ കാലിടറി; തോല്‍വി മിസോറാമിന് മുന്നില്‍
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് മിസോറാം കേരളത്തെ പരാജയപ്പെടുത്തിയത്. സഡന്‍ഡത്തില്‍ കേരളതാരം സുജിത് പെനാല്‍റ്റി മിസ്സാക്കിയതോടെയാണ് കേരളത്തിന്റെ വഴി അടഞ്ഞത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 7-6 ന് വിജയിച്ച് മിസോറം സെമിയിലെത്തി.
യുപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. സര്‍വീസസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍നിന്ന് ആറ് മാറ്റങ്ങള്‍ വരുത്തിയാണ് കേരളം ക്വാര്‍ട്ടറിനിറങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ മുന്നേറ്റങ്ങള്‍ കൊണ്ട് പോരാട്ടം കടുത്തു. പക്ഷേ മൈതാനത്ത് കേരളത്തിന് ചലനം സൃഷ്ടിക്കാനായില്ല. മധ്യനിരയില്‍ കയറിയും ഇറങ്ങിയും കളിച്ച ഗിഫ്റ്റി മുന്നേറ്റനിരയ്ക്ക് തുടര്‍ച്ചയായി പന്തെത്തിച്ചു നല്‍കി. 22-ാം മിനിറ്റില്‍ ഗിഫ്റ്റി നല്‍കിയ മികച്ചൊരു ത്രൂ പാസ് മുതലാക്കാന്‍ ആഷിഖിനും നരേഷിനും സാധിക്കാതെപോയി. ഇതോടൊപ്പം, വിങ്ങിലൂടെയുള്ള റഹീമിന്റെ അതിവേഗ മുന്നേറ്റങ്ങളും മിസോറം പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ആദ്യപകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. കുറിയ പാസുകളിലൂടേയും പന്തടക്കത്തിലൂടേയും എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന പതിവുതന്ത്രം തന്നെയാണ് മിസോറം പുറത്തെടുത്തത്. രണ്ടാം പകുതിയും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 96-ാം മിനിറ്റില്‍ മിസോറം വലയില്‍ പന്തെത്തിച്ചെങ്കിലും അതിന് മുമ്പ് മിസോറം താരം ഹാന്‍ഡ്‌ബോളായതിനാല്‍ ഗോള്‍ അനുവദിച്ചില്ല. എക്‌സ്ട്രാ ടൈമിലും ഇതേ നില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here