നടിയുടെ ആരോപണത്തില്‍ സർക്കാർ രഞ്ജിത്തിനൊപ്പം; കേരളത്തിലെത്തി പരാതി നൽകാനില്ലെന്ന് ശ്രീലേഖ മിത്ര

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൻ്റെ പേരിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. നടി രേഖാമൂലം പരാതി നൽകിയാൽ അന്വേഷണം ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പരാതി കിട്ടിയാൽ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി പോയാൽ കേസ് നിലനിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉൾപ്പടെ നിർദേശങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിന് പ്രത്യേക താൽപര്യങ്ങളില്ല. കമ്മിഷൻ ശുപാർശകളിൽ ഭൂരിപക്ഷവും തത്വത്തിൽ നടപ്പാക്കി കഴിഞ്ഞു. കോടതി നിർദേശം ഉണ്ടായപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടു. ഇനിയും എതെങ്കിലും ഭാഗം പുറത്തുവിടാൻ കോടതി പറഞ്ഞാൽ അത് ചെയ്യുമെന്നും സജി ചെറിയാൻ അറിയിച്ചു.

അതേസമയം, രഞ്ജിത്തിനെതിരെയുള്ള  ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് ആവർത്തിച്ച ശ്രീലേഖ മിത്ര തൽക്കാലം കേരളത്തിൽ വന്ന് പരാതി നൽകാനാവില്ലെന്ന് പ്രതികരിച്ചു. താൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. അതിനാൽ കേരളത്തിലേക്ക് വന്ന് പരാതി നൽകാനാവില്ല. കൂടുതൽ പിന്തുണ ലഭിച്ചാൽ പരാതിയുമായി മുന്നോട്ടു പോകുമെന്നും അവർ അറിയിച്ചു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കണം എന്ന് പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിച്ച് മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും ശ്രീലേഖ മിത്ര ആവശ്യപ്പെട്ടു. മമത ബാനർജി സർക്കാരിനെതിരെ അടക്കം ശക്തമായ ഭാഷയിൽ പ്രതികരിച്ച വ്യക്തിയാണ് താൻ. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നതുകൊണ്ട് നേരിട്ട മോശം അനുഭവം തുറന്ന് പറയാനുളള അവകാശം തനിക്കുണ്ടെന്നും അവർ പറഞ്ഞു.

‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ’ എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിതിനെ പേരെടുത്ത് പറഞ്ഞ് നടിയുടെ തുറന്നുപറച്ചില്‍.

ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്

ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ അഭിനയം കണ്ടാണ് പാലേരി മാണിക്യത്തിലേയ്ക്ക് വിളിച്ചത്. ഓഡിഷന്‍ കഴിഞ്ഞ് രാവിലെ കൊച്ചിയില്‍ വെച്ച് രഞ്ജിത്തിനെ കണ്ടു. വൈകിട്ട് അണിയറ പ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. അവിടെവച്ച് രഞ്ജിത്ത് മുറിയിലേയ്ക്ക് ക്ഷണിച്ചു.

സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരിക്കും ക്ഷണം എന്നാണ് കരുതിയത്. എന്നാല്‍ മുറിയില്‍ കയറിയപ്പോള്‍ തന്നെ രഞ്ജിത്ത് കൈകളിൽ തൊടാൻ തുടങ്ങി. വളകളിൽ പിടിക്കുന്നുവെന്ന വ്യാജേനയായിരുന്നു അത്. സംസാരിക്കുന്നതിനിടെ ആയതിനാലും ഉദ്ദേശ്യം കൃത്യമായി മനസിലാകാത്തതിനാലും അപ്പോൾ പ്രതികരിച്ചില്ല. ഇതോടെ അദ്ദേഹം മുടിയിൽ തലോടാൻ തുടങ്ങി. തൊട്ടുപിന്നാലെ കഴുത്തിലേക്കും കൈകളെത്തി. ഇത്രയുമായപ്പോൾ ഉദ്ദേശ്യം മനസിലായി. പിന്നെ അവിടെ നിന്നില്ല, ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി മുഴുവന്‍ പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത്. ഒരിക്കലും ആ ദിവസം മറക്കാന്‍ കഴിയില്ല.

ഇക്കാര്യങ്ങള്‍ ഭര്‍ത്താവിനോടോ കുടുംബത്തോടോ പറയാന്‍ കഴിഞ്ഞില്ല. തന്നെ ക്ഷണിച്ച് കൊണ്ടുവന്ന് അസോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണനോട് പരാതി അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടും രാത്രി തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. മടങ്ങിപ്പോകുകയാണ് എന്ന് അറിയിച്ചെങ്കിലും യാത്രാക്കൂലി പോലും നൽകിയില്ല. പിന്നീട് മലയാള സിനിമയില്‍ ഒരു അവസരവും ലഭിക്കാത്ത അവസ്ഥയുമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top