താനാരുവാ, എന്ന് തരൂരിനോട് കോൺഗ്രസുകാർ!! പാർട്ടിക്ക് പുറത്ത് വോട്ടുനേടാൻ താനേ ഉള്ളൂവെന്ന വാദത്തിൽ കഴമ്പില്ല, ലോക്സഭയിലെ വോട്ടുകണക്ക് സത്യം പറയും

‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന് ‘ എന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് (തേന്‍മാവിന്‍ കൊമ്പത്ത്) ശശി തരൂരിന്റെ പുതിയ നാടകങ്ങള്‍ കാണുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഓർക്കുന്നത്. തന്റെ കഴിവുകള്‍ ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ യുഡിഎഫ് തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്തിരിക്കും എന്നൊക്കെയുള്ള വര്‍ക്കിംഗ് കമ്മറ്റി അംഗം തരൂരിന്റ നിലപാട് നേതൃത്വത്തിനുള്ള മുന്നറിയിപ്പും വെല്ലുവിളിയുമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതിലുപരി തനിക്ക് പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്തായി വോട്ടു സമാഹരിക്കാനുള്ള ശേഷിയുണ്ടെന്നും, തനിക്കേ അതിന് കഴിയൂ എന്നുമുള്ള അദ്ദേഹത്തിന്റെ അവകാശം ശുദ്ധതട്ടിപ്പാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ചിട്ടും പാര്‍ട്ടി വോട്ടുകള്‍ കൊണ്ടു മാത്രം തിരുവനന്തപുരത്ത് കഷ്ടിച്ച് നിരങ്ങി കടന്നുകൂടിയ ആളാണ് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ എക്കാലത്തേയും ഫിക്‌സഡ് ഡിപ്പോസിറ്റ് വോട്ട് ബാങ്ക് എന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരത്തെ ക്രിസ്ത്യന്‍ വോട്ടുകള്‍, പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്ക സഭയിലുള്ളവരുടെ വോട്ട് ലഭിച്ചതുകൊണ്ട് മാത്രമാണ് തരുരിന് 16,077 വോട്ടുകളുടെ എങ്കിലും ഭൂരിപക്ഷം നേടാനായത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലം പുനരധിവാസം താറുമാറായതില്‍ പ്രതിഷേധിച്ച് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന നാട്ടുകാരുടെ സമരത്തിനെതിരെ നിലപാട് സ്വീകരിച്ച ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കണം എന്നായിരുന്നു പൊതുവെ ലത്തീന്‍ സഭയുടെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആര്‍ച്ചുബിഷപ്പ് തോമസ് ജെ നെറ്റോയുമായി പലവട്ടം നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് തരൂരിനെ പിന്തുണക്കാന്‍ സഭ തയ്യാറായത്. തരൂർ മുഖംതിരിച്ചെങ്കിലും വിഴിഞ്ഞം സമരകാലത്ത് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തത് ഉപകരിച്ചു. മൂന്ന് ലക്ഷത്തോളം വരുന്ന ലത്തീന്‍ വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കേമത്തം പറയുന്ന തരൂര്‍ ലോക്‌സഭ കാണില്ലായിരുന്നു.

തനിക്ക് മാത്രമാണ് കോണ്‍ഗ്രസ് വോട്ടുകള്‍ക്കപ്പുറത്ത് വോട്ട് സമാഹരിക്കാന്‍ ശേഷിയുള്ള എന്ന ബഡായിയില്‍ ഒരു വാസ്തവവുമില്ല. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി വിജയിച്ചവരാണ്. ഇവരില്‍ ആറ് പേര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിൽ എത്തിയവരാണ്. സിപിഎമ്മിന്റെ കോട്ട കൊത്തളങ്ങള്‍ എന്ന് വിശേഷിക്കപ്പെടുന്ന കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളെ നിലംപരിശാക്കുന്ന ഭൂരിപക്ഷം നേടിയത് കോൺഗ്രസ് വോട്ടുകൾ കൊണ്ട് മാത്രമല്ലെന്ന് പകൽപോലെ വ്യക്തമാണ്.

രാജ് മോഹന്‍ ഉണ്ണിത്താന്‍ – 100,649

കെ സുധാകരന്‍ – 108982

ഷാഫി പറമ്പില്‍ -114 506

രാഹുല്‍ ഗാന്ധി – 364 422

എം കെ രാഘവന്‍ – 146176

ഇടി മുഹമ്മദ് ബഷീര്‍ – 300118

അബ്ദുള്‍ സമദ് സമദാനി 235 – 760

ഹൈബി ഈഡന്‍ – 250385

ഡീന്‍ കുര്യാക്കോസ് – 133727

എം കെ പ്രേമചന്ദ്രന്‍ – 150302

എന്നിവരാണ് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിച്ചത്.

പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം വോട്ട് നേടിയ അഞ്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. ശശി തരൂരിന് കേവലം 37. 19 ശതമാനം മാത്രമാണ് ലഭിച്ചത്. ആലത്തൂരില്‍ സിപിഎമ്മിലെ കെ രാധാകൃഷ്ണനോട് തോറ്റ രമ്യാ ഹരിദാസിന് പോലും 38.63 % വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുറവ് ശതമാനം വോട്ടുകള്‍ ലഭിച്ചതും തരൂരിനാണെന്ന് ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

50 ശതമാനത്തിലധികം വോട്ട് നേടിയ യുഡിഎഫ് വിജയികള്‍:

രാഹുല്‍ ഗാന്ധി – 59.69 %

ഇ ടി മുഹമ്മദ് ബഷീര്‍ – 59. 35%

അബ്ദുള്‍ സമദ് സമദാനി – 54.81 %

ഹൈബി ഈഡന്‍ – 52.97%

ഡീന്‍ കുര്യാക്കോസ് – 51.43%

ഇവര്‍ക്കെല്ലാം കടുത്ത എതിരാളികള്‍ ഉണ്ടായിട്ടുപോലും പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്ത് സമാഹരിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് 50 ശതമാനത്തിലധികം നേടാന്‍ കഴിഞ്ഞത്. ഇത്തവണത്തെ ഗ്ലാമര്‍ പോരാട്ടം നടന്ന വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 49.65 % വോട്ട് നേടിയത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്ത് വോട്ട് സമാഹരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണിക്കും കഴിഞ്ഞതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിള്‍ക്ക് മിന്നും ജയം കൈവരിക്കാനായതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകും.

‘താനാണ് ഏറ്റവും കേമനെന്ന് ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍പരം അയോഗ്യത വേറെയുണ്ടോ’ എന്ന് യാക്കോബായ സഭയിലെ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്സ്ബുക്കിൽ എഴുതിയത് തരൂരിന്റെ പേര് പറയാതെ ആണെങ്കിലും അദ്ദേഹത്തിന്റെ സ്വയംപൊങ്ങി സ്വഭാവത്തിന് കൊടുത്ത ചുട്ട അടിയായിട്ടാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കില്‍ അദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നുവെന്നും കൂറിലോസ് ചോദിച്ചു. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചു. എന്നിട്ടും അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാലുമാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക് പുശ്ചമുണ്ടാകും. അത് ആരായാലും ഏത് പ്രസ്ഥാനമായാലും അങ്ങനെയായിരിക്കുമെന്നും മാര്‍കൂറിലോസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രശ്‌നത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് തരൂര്‍ സ്വീകരിക്കുന്നത് ആദ്യമായല്ല. കെ റെയിലിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും, ലുലുമാളിന്റെ ഉദ്ഘാടനവേദയില്‍ മുഖ്യമന്ത്രിയെ വേദയിലിരുത്തി പുകഴ്ത്തിയതും ഒന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് ഒട്ടും ദഹിച്ചിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ തുറന്ന് എതിര്‍ക്കാനോ വിമര്‍ശിക്കാനോ, സമരം നടത്തുന്ന കോണ്‍ഗ്രസുകാരെ പിന്തുണയ്ക്കാനോ തരൂര്‍ തയ്യാറാകാത്തത് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

സ്വന്തം നിയോജക മണ്ഡലത്തില്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ആശാ വര്‍ക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ശശി തരൂര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയോ അങ്ങോട്ടൊന്ന് തിരിഞ്ഞുനോക്കുക പോലുമോ ചെയ്തിട്ടില്ല. കെപിസിസി സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. എന്നിട്ടും വിശ്വപൗരന് മിണ്ടാട്ടമില്ല. പി എസ് സി അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും ആശാ വര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതില്‍ ആഗോള നേതാവിന് യാതൊരു ഉത്കണ്ഠയുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top