സുഗതനെ അറിയാമോ, ആന്തൂർ സാജനെ അറിയാമോ… സര്‍ക്കാരിന്റെ വ്യവസായക്കുതിപ്പ് പാടുമ്പോള്‍ തരൂര്‍ ഓര്‍ക്കേണ്ട ചിലത്

പിണറായി സര്‍ക്കാരിന്റെ വ്യവസായ നയത്തെ പാടിപ്പുകഴ്ത്തുന്നവര്‍ സൗകര്യപൂര്‍വം മറക്കുന്ന ചില പേരുകളുണ്ട്. നാട്ടില്‍ സംരംഭത്തിനായി വന്ന് സര്‍ക്കാരിന്റെ തല തിരിഞ്ഞ നയങ്ങളുടെ പേരില്‍ ജീവനൊടുക്കേണ്ടി വന്ന സുഗതനും സാജനും. ശശി തരൂര്‍ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ വാനോളം പുകഴ്ത്തുമ്പോള്‍ ഈ പേരുകള്‍ ഓര്‍ക്കണമായിരുന്നു എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.
സംരംഭകരായ പ്രവാസി മലയാളികളില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് 2017 ജനുവരിയില്‍ ലോക കേരളസഭ എന്ന പരിപാടി സര്‍ക്കാര്‍ ആരംഭിച്ചത്. പത്തുകോടി മുടക്കി പിണറായി സര്‍ക്കാര്‍ നടത്തിയ ഈ മാമാങ്കം കഴിഞ്ഞതിന്റെ പിറ്റേ മാസമാണ് ഒരു പ്രവാസി വ്യവസായി കയറില്‍ തൂങ്ങിയ സംഭവം ഞെട്ടലോടെ കേരളം കേട്ടത്.
നിക്ഷേപം നടത്താന്‍ വരുന്ന പ്രവാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പതിവാണ്. ആ കേരളത്തിലാണ് ജീവിക്കാനൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വന്ന പ്രവാസി മലയാളിയുടെ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിക്കേണ്ടി വന്നത്. കാരണമായത്, ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ നെറികേട്. പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനില്‍ ഒരു വര്‍ക്ക് ഷോപ്പിട്ട് ശിഷ്ടകാലം കഴിച്ചു കൂട്ടാമെന്ന് വിചാരിച്ചാണ് 65കാരനായ സുഗതന്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്.
പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വര്‍ക്ക്‌ഷോപ്പ് നടത്താനായി നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ സുഗതനെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരുക്കിട്ട് വച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നു എന്നാണ് നിഗമനം. 2017 ഫെബ്രുവരി 23ന് ആയിരുന്നു ഇത്.
ഗള്‍ഫില്‍ വര്‍ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി രണ്ട് മാസം കഴിഞ്ഞാണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതാണ് സിപിഐയുടെ യുവജന വിഭാഗം തകര്‍ത്തത്. വിളക്കുടി പഞ്ചായത്ത് പരിധിയില്‍ ഇളമ്പല്‍ സ്വാഗതം ജംഗ്ഷനില്‍ സമീപവാസിയായ കുര്യന്‍ എന്ന വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ഷോപ്പിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യഘട്ടമായി ഷെഡ് നിര്‍മ്മിച്ചു. ഇതോടെ ഇടത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ പല വയലുകളും നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വര്‍ക്ക്‌ഷോപ്പ് ഷെഡിരിക്കുന്ന സ്ഥലത്ത് എഐവൈഎഫ് കൊടി കുത്തി. നിലം നികത്തിയാണ് വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിക്കുന്നത് എന്നായിരുന്നു എഐവൈഎഫുകാരുടെ ആരോപണം.

പുതിയ സംരംഭം തുടങ്ങാനുള്ള ആദ്യ ശ്രമത്തിന് തന്നെ കിട്ടിയ തിരിച്ചടി സുഗതനെ ആകെ മനോവിഷമത്തിലാക്കി. ശിഷ്ടകാലം വീട്ടുകാരോടൊത്ത് ജീവിക്കാമെന്ന പ്രതീക്ഷയ്ക്കു മേലാണ് ഭരണകക്ഷി നേതാക്കള്‍ കത്തിവെച്ചത്. നിരാശനായ സുഗതന്‍ ജീവനൊടുക്കി. സുഗതന്റെ ആത്മഹത്യയുടെ പേരില്‍ കുറച്ചു ദിവസം വിവാദങ്ങളും കോലാഹങ്ങളുമുണ്ടായി. ആ കുടുംബത്തിന് തീരാനഷ്ടമുണ്ടായ തൊഴിച്ചാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.
വ്യവസായ സംരംഭകത്വത്തിനായി ജീവത്യാഗം നടത്തേണ്ടി വന്ന പുനലൂരിലെ സുഗതന്റെ മരണം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ മറ്റൊരു പ്രവാസി വ്യവസായി കൂടി കയറില്‍ തൂങ്ങിയാടി. അതും ഇടത് ഭരണകക്ഷിയുടെ നെറികേടിന്റെ പേരില്‍. കണ്ണൂരിലെ ആന്തൂര്‍ സ്വദേശിയായ സാജന്‍ പാറയിലായിരുന്നു ആ ഹതഭാഗ്യന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണുമായ പികെ ശ്യാമളയുടെ പെരുമാറ്റത്തില്‍ നിരാശനായാണ് സാജന്‍ ആത്മഹത്യ ചെയ്തത്.
കല്യാണമണ്ഡപവും കണ്‍വന്‍ഷന്‍ സെന്ററും പണിഞ്ഞ ശേഷമുള്ള അന്തിമ അനുമതിക്കായാണ് സാജന്‍ മുനിസിപ്പല്‍ ഓഫീസില്‍ കയറിയിറങ്ങിയത്. പലവട്ടം തൊടുന്യായങ്ങള്‍ പറഞ്ഞ് സാജനെ മുനിസിപ്പാലിറ്റിക്കാര്‍ വട്ടം കറക്കി. ഉദ്യോഗസ്ഥരുടേയും രാഷ്ടീയക്കാരുടേയും പെരുമാറ്റത്തില്‍ സാജന്‍ നിരാശനായിരുന്നു.

2019 ജൂണ്‍ 18 ന് ആണ് പുതിയതെരുവിലെ വീട്ടില്‍ സാജന്‍ പാറയില്‍ ജീവനൊടുക്കുന്നത്. 15 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കാത്തതിന്റെ മനോവിഷമം സാജനുണ്ടായിരുന്നു. ആന്തൂര്‍ നഗരസഭയെയും അധ്യക്ഷ പി.കെ.ശ്യാമളയെയുമാണ് കുടുംബം പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. പക്ഷേ സാജന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം ശ്യാമളയെ പ്രതിചേര്‍ത്തില്ല.
“ഈ വികസന വിരുദ്ധര്‍ എന്നെ തോല്‍പിച്ചു, ഇവരോട് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ പാഴായി” – സാജന്റെ മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്ത നോട്ടുബുക്കില്‍ സ്വന്തം കൈപ്പടയില്‍ സാജനെഴുതിയ ഈ വാചകങ്ങള്‍ കേരളത്തില്‍ കൊട്ടിഘോഷിക്കുന്ന വ്യവസായക്കുതിപ്പിന്റെ തിരുശേഷിപ്പാണ്. സാജന്റെ ചോരയില്‍ കുതിര്‍ന്ന വാക്കുകള്‍ പോലീസ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ അതേപടി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ആത്മഹത്യയ്ക്കുള്ള കാരണമായി ഇതിനെ കാണാന്‍ കഴിയില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം .
സാജന്റെ മരണം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് തലയൂരാന്‍ സര്‍ക്കാരും സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടയില്‍ സാജന്റെ ഭാര്യക്കെതിരെ ദേശാഭിമാനി പത്രം ഒന്നാം പേജില്‍ സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞു. വ്യക്തിഹത്യ തുടര്‍ന്നാല്‍ താനും കുഞ്ഞുങ്ങളും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെയാണ് പാര്‍ട്ടി പത്രം അടങ്ങിയത്.

മാധ്യമങ്ങള്‍ സാജനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത് അവരുടെ ഭാവനയ്ക്ക് അനുസരിച്ചാണ് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥരില്‍നിന്ന് ഇത്തരം വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സംഘത്തലവനായ എസ്പി സാജന്റെ ഭാര്യക്ക് കത്ത് നല്‍കി.
സാജന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളില്ലെന്നും അത്തരം പ്രചരണങ്ങളും വാര്‍ത്തകളും തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയുടെ കത്ത് നല്‍കിയത് ദേശാഭിമാനിക്കും പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി. പാറയില്‍ സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ കത്തിലൂടെ മറുപടി നല്‍കിയത്.
കേരളത്തിലെ മികച്ച വ്യാവസായിക അന്തരീക്ഷമെന്ന് കണക്കുകള്‍ നിരത്തി പ്രശംസിക്കുന്ന ശശി തരൂര്‍ ഇതൊന്നും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത്. എഴുതിയതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുന്ന തരൂര്‍, സാജന്റേയും സുഗതന്റേയും മരണത്തില്‍ കൂടി അഭിപ്രായം പറയണം എന്നാണ് ആവശ്യം ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here