‘മുസ്ലിങ്ങളുടെ കാര്യത്തിൽ മതനിഷേധികൾ അഭിപ്രായം പറയേണ്ടാ’; സിപിഎമ്മിനെതിരെ വീണ്ടും സമസ്ത
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ വിമർശനവുമായി സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. പണ്ഡിതന്മാർ മതവിധി പറയുന്നത് മതവിശ്വാസികളോടാണെന്നും മതനിഷേധികൾ അതിൽ അഭിപ്രായം പറയേണ്ടെന്നും എസ്കെഎസ്എസ്എഫ് പൊതുപരിപാടിയില്‍ സത്താർ പന്തല്ലൂർ പറഞ്ഞു.
‘മതപരമായ കാര്യങ്ങളിൽ പണ്ഡിതന്മാർ സമുദായത്തിന് ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുമെന്നും ആ ഉപദേശത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ആളുകൾ അതിനെ പരിഹസിക്കേണ്ട ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു . സമസ്തയുടെ മാത്രമല്ല മുസ്ലിം സമുദായത്തിന്‍റെ ഏത് വിഷയത്തിലാണെങ്കിലും അത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയുടെ അടക്കമുള്ള മുസ്ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട പണ്ഡിതന്മാർ ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിധിവിലക്കുകൾ പറയാൻ ബാധ്യസ്ഥരാണ്. പണ്ഡിതന്മാർ മതവിധി പറഞ്ഞാൽ ആ വിധി സ്വീകരിക്കാൻ അത് അംഗീകരിക്കുന്നവരെ ബാധ്യസ്ഥരുള്ളൂ. മതവിശ്വാസം ഇല്ലാത്തവർ അതിൽ കയറി അഭിപ്രായം പറയേണ്ട കാര്യമില്ല എന്നായിരുന്നു എന്നായിരുന്നു സമസ്ത യുവ നേതാവിൻ്റെ പ്രതികരണം.
കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന പ്രസ്താവന കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.
സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാന്തപുരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെയും കാന്തപുരം മറുപടി നൽകിയിരുന്നു. ‘ഇസ്ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്ലാമിൻ്റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ… ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തിരിക്കുന്നു. ഈ പതിനെട്ടും പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല….’ – എന്നായിരുന്നു കാന്തപുരത്തിൻ്റെ പരിഹാസം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here