ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കി സുധാകരനും സതീശനും; അസഭ്യ പരാമര്‍ശത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്

പത്തനംതിട്ട : കോണ്‍ഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി പതിവായി നടത്തിയിരുന്ന സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി കെ.സുധാകരനും വി.ഡി.സതീശനും. രാവിലെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിസിസി മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വാര്‍ത്താസമ്മേളനം ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് എത്താന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം.

ആലപ്പുഴയില്‍ സുധാകരന്‍ സതീശനെതിരെ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് എത്താന്‍ വൈകിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശത്തില്‍ സതീശനും കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകാനാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

വിവാദമുണ്ടായ ശേഷമുളള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉറപ്പായും ഉയരും. ഇത് ഒഴിവാക്കാനാണ് വാര്‍ത്താ സമ്മേളനം തന്നെ റദ്ദാക്കിയത്. ഇരു നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നാണ് വിവരം. അപമാനിതനായി എന്ന വികാരമാണ് സതീശനുളളത്. ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മിലുള്ള അസ്വാരസ്യം പുറത്തു വരുന്നത്. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top