ഇസ്ലാമോഫോബിയ വളര്‍ത്തിയ സിപിഎമ്മിന്റെ പാരമ്പര്യം പറയിപ്പിക്കരുത്; മോദിക്കും പിണറായിക്കും ഒരേ സ്വരം; വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ന്യൂനപക്ഷ സ്‌നേഹം ഓര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്ലീം വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നിരന്തരമായി നടത്തുന്നത്. ബിജെപിയെ പോലെ വര്‍ഗീയധ്രുവീകരണമുണ്ടാക്കാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയ സിപിഎമ്മിന്റെ പാരമ്പര്യം പറയിപ്പിക്കരുതെന്നും സതീശന്‍ വ്യക്തമാക്കി.
പിണറായി വിജയനും, നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും തയാറാക്കിയതാണോയെന്നു പോലും സംശയിച്ചു പോകും. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് വര്‍ഷം മുന്‍പ് മോദിയും ബി.ജെ.പിയും പ്രചരിപ്പിച്ചിരുന്നത് കേരളത്തില്‍ സി.പി.എമ്മും പിണറായി വിജയനും ആവര്‍ത്തിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.
ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്നതാണ് പുതിയ മുദ്രാവാക്യം. ഇന്ത്യ എന്ന ആശയത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കാലത്തും യോജിച്ചിട്ടില്ല. സംഘപരിവാര്‍ ശക്തികളെക്കാള്‍ കൂടുതല്‍ ഗാന്ധിജിയെയും നെഹ്റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. സ്വതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ പതാക പാര്‍ട്ടി ഓഫീസില്‍ ഉയര്‍ത്താന്‍ പോലും സി.പി.എം തീരുമാനിച്ചത്. എന്നിട്ടാണ് ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.
ഒരു കോടി ആളുകള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞ് നടക്കുന്നത്. അത് പറയാതിരിക്കാനാണ് പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ പറയുന്നത്. വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പൊട്ടിച്ച നുണ ബേംബ് ചീറ്റിപ്പോയിരിക്കുകയാണ്. വീഡിയോ ക്ലിപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പറയുന്നത്. പൊടി കയറി അസുഖം വന്നതുകൊണ്ടാണ് കരഞ്ഞതു പോലെ തോന്നിയതെന്നാണ് പറയുന്നത്. എന്തൊരു അഭിനയമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നടത്തിയത്. എവിടെ വീഡിയോ എന്ന് ചോദിച്ചപ്പോള്‍ പോസ്റ്റര്‍ ആണെന്നാണ് പറയുന്നത്. അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നു പറഞ്ഞ് വൈകാരികമായ തരംഗമുണ്ടാക്കാന്‍ വേണ്ടിയുള്ള നുണ ബേംബായിരുന്നു ഇത്. നുണയാണെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here