നോട്ടെണ്ണുന്ന യന്ത്രം മുഖ്യമന്ത്രിയുടെ ഓഫീസിലോ എകെജി സെന്ററിലോയെന്ന് പ്രതിപക്ഷ നേതാവ്; അന്വേഷണം കേന്ദ്ര ഏജന്‍സിയെ എല്‍പ്പിക്കണമെന്ന്; വി മുരളീധരന്‍

തിരുവനന്തപുരം : അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്നും 2.5 ലക്ഷം രൂപ വീതം 20 കോടി രൂപയുടെ കോഴ ഇടപാടാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോഴ ഇടപാട് നടന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. അബ്ക്കാരി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബാര്‍ ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഇരിക്കുന്ന ആളുകള്‍ പറയാതെ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തില്ല. കെ.എം മാണിക്കെതിരെ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ 801 ബാറുകളില്‍ നിന്നും 20 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്.
ബാറുകളുടെ എണ്ണവും മദ്യ വില്‍പനയും കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്സ് മാത്രം കൂടിയില്ല. ബാറുകളില്‍ നിലവില്‍ ഒരു പരിശോധനകളുമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഇത് നഗ്‌നമായ അഴിമതിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, അതോ എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതിയെന്നും സതീശന്‍ പരിഹസിച്ചു.
ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് രാജി വയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
നയപരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷിക്കണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here