എസ്.ഡി.പി.ഐയുമായി തിരഞ്ഞെടുപ്പ് ധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ്; പിന്തുണ സ്വീകരിക്കുമോയെന്നതിന് മറുപടിയുമില്ല
കാസര്‍കോട് : എസ്.ഡി.പി.ഐയുമായി യുഡിഎഫിന് ഒരു തിരഞ്ഞെടുപ്പ് ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്.ഡി.പി.ഐയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അവരുമായി സംസാരിക്കാതെ എങ്ങനെ ധാരണയുണ്ടാക്കിയെന്ന് പറയാനാകുമെന്നും സതീശന്‍ ചോദിച്ചു. നിരവധി സംഘടനകള്‍ യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. ദേശീയ തലത്തില്‍ വര്‍ഗീയതയെയും ഫാഷിസത്തെയും കുഴിച്ചുമൂടി സംഘപരിവാറിനെ താഴെയിറക്കണമെന്ന വികാരമാണ് എല്ലാവര്‍ക്കുമുള്ളത്. അതിന്റെ ഭാഗമാണ് എസ്.ഡി.പി.ഐയുടെ പിന്തുണയെന്നും സതീശന്‍ പറഞ്ഞു.
എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് സതീശന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. കഴിഞ്ഞ തവണ അവർ പിന്തുണ നല്‍കാതിരുന്നിട്ടും യുഡിഎഫ് 19 സീറ്റിലും വിജയിച്ചതാണെന്നായിരുന്നു സതീശന്റെ മറുപടി.
ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചത്. നിലവിലെ രാജ്യത്തെ സാഹചര്യം പരിഗണിച്ചാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ബിജെപി വിരുദ്ധ മുന്നണിക്ക് രാജ്യ വ്യാപകമായി നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here