ഇനി അടിച്ചാല്‍ തിരിച്ചടിക്കും; കുട്ടികള്‍ക്ക് സംരക്ഷണം നല്‍കും; ഗുണ്ടകളെ സുരക്ഷ എല്‍പ്പിച്ചിരിക്കുന്ന മുഖ്യമന്ത്രി ഇത് കേള്‍ക്കണമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം : പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിനേയും ഗുണ്ടകളേയും കൊണ്ട് ആക്രമിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇനിയും ഇത് തുടര്‍ന്നാല്‍ തിരിച്ചടിയ്ക്കും. മുഖ്യമന്ത്രിയുടെ കലാപ ആഹ്വാനം പോലീസിലെ ക്രിമിനലുകളും പാര്‍ട്ടി ഗുണ്ടകളും ഏറ്റെടുത്തിരിക്കുകയാണ്. ഭിന്നശേഷിക്കാരനെ പോലും ആകമിച്ചു. ഒന്നിലും കേസെടുക്കാതെ പോലീസ് ഉഴപ്പുകയാണ്. ഇനിയും ഇത് തുടരാന്‍ കഴിയില്ല. പോലീസ് നിയമം അനുസരിച്ച് കേസെടുക്കണം. മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണം അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഒന്നും കാണുന്നില്ല. പൊലീസില്‍ വിശ്വാസമില്ലാത്തതു കൊണ്ട് അറിയപ്പെടുന്ന ഗുണ്ടകളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ഈ സ്ഥാനത്തിരിക്കാന്‍ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സെനറ്റിലേക്ക് സംഘപരിവാര്‍ കൊടുത്തത് പോലെ സി.പി.എമ്മും ഗവര്‍ണര്‍ക്ക് ഒരു പട്ടിക കൊടുത്തു. മന്ത്രി വഴിയാണ് ഈ പട്ടിക ഗവര്‍ണര്‍ക്ക് കൊടുത്തത്. അറിയപ്പെടുന്ന സി.പി.എമ്മുകാരുടെ പട്ടികയാണ് മന്ത്രി നല്‍കിയത്. യു.ഡി.എഫ് ഒരാളുടെ പേര് പോലും കൊടുത്തില്ല. ഗവര്‍ണര്‍ ചെയ്യുന്ന ഒരു തെറ്റായ കാര്യത്തിനും യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. ഗവര്‍ണ്ണറുടെ ഓഫീസില്‍ അറിയപ്പെടുന്ന സംഘപരിവാര്‍ നേതാവിനെ സ്റ്റാഫ് ആക്കി വച്ചത് പിണറായി വിജയനാണ്. അന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരായിരുന്നു. എപ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നുവോ അപ്പോഴെല്ലാം ഗവര്‍ണര്‍ – മുഖ്യമന്ത്രി നാടകം നടക്കും. നവകേരള സദസ് നടത്തി സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സെനറ്റില്‍ നല്ല ആളുകളെ വയ്ക്കണം എന്നാണ് കെ.സുധാകരന്‍ ഉദ്ദേശിച്ചത്. പറഞ്ഞതില്‍ സുധാകരന്‍ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. സംഘപരിവാര്‍ സര്‍ക്കാര്‍ എം.പി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്ത് നിര്‍ത്തിയിരിക്കുന്നവരില്‍ ഒരാളാണ് കെ.സുധാകരന്‍. കേരളത്തിലെ ഒരു കോണ്‍ഗ്രസുകാരനും ഗവര്‍ണറുമായി ചേര്‍ന്നുള്ള ഒരു ഏര്‍പ്പാടിനും പോകില്ലെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top