റിയാസിന് മൂക്കാതെ പഴുത്തതിന്റെ കുഴപ്പം; മാനേജ്‌മെന്റ് ക്വാട്ടയിലെ മന്ത്രി സൂപ്പര്‍ മുഖ്യമന്ത്രി ചമയേണ്ട; വി.ഡി. സതീശന്‍

തിരുവനന്തപുരം : മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മുഹമ്മദ് റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയരുതെന്ന് വി.ഡി.സതീശന്‍. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തെ കുറിച്ച് അളക്കുന്നത് പൊതുമരാമത്ത് മന്ത്രിയുടെ പണിയല്ല. മന്ത്രി കേരളത്തില്‍ കേടായി കിടക്കുന്ന റോഡിലെ കുഴി എത്രയെന്ന് എണ്ണിയാല്‍ മതി. ഇതെല്ലാം മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണെന്നും സതീശന്‍ പറഞ്ഞു.

നവകേരള സദസിനോട് പ്രതിപക്ഷത്തിന് അലര്‍ജി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജി. സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്തുമസ് ചന്ത ഇന്ന് രാവിലെ തുറക്കാന്‍ പറ്റിയിട്ടില്ല. പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നത്.

വ്യാപകമായ അക്രമങ്ങളാണ് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്നത്. ഇതിനെ കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഈ അക്രമങ്ങളില്‍ ഒന്നാം പ്രതിയാകേണ്ടത്. നവകേരള സദസിന്റെ 17 പത്രസമ്മേളനങ്ങളിലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ മനോനില തകരാറിലാണെന്ന് പറഞ്ഞു. എന്നിട്ട് പൊതുമരാമത്ത് മന്ത്രിയെ രംഗത്തിറക്കി പ്രതിപക്ഷ നേതാവിനെതിരെ സംസാരിപ്പിക്കുകയാണ്. മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന പൊതുമരാമത്ത് മന്ത്രി ഇപ്പോഴാണ് വീണ്ടും സംസാരിച്ച് തുടങ്ങിയതെന്നും സതീശന്‍ പരിഹസിച്ചു.

Logo
X
Top