‘വിവരദോഷി’ തരംതാണ പ്രസ്താവന; വിമര്‍ശനം സഹിക്കില്ലെന്ന സന്ദേശം നല്‍കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശന്‍; ഇങ്ങനെ തന്നെ മുന്നോട്ടു പോകണമെന്നും പരിഹാസം
വിമര്‍ശനം സഹിക്കില്ലെന്ന സന്ദേശം നല്‍കുന്നതാണ് യാക്കോബായ സഭ മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയ വിവരദോഷി പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരംതാണ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുണ്ടായപ്പോള്‍ അതില്‍ നിന്നും മുഖ്യമന്ത്രിയും സിപിഎമ്മും പാഠം പഠിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഒരു തിരുത്തലിനും താന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. ഇങ്ങനെ തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും സതീശന്‍ പരിഹസിച്ചു.
പിണറായി വിജയന്‍ കാലം കാത്തുവച്ച നേതാവാണ് എന്ന് പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കന്‍, കാരണഭൂതന്‍ തുടങ്ങിയ വാക്കുകള്‍ കേട്ട് കോള്‍മയിര്‍ കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി. പാര്‍ട്ടിക്കുള്ളിലേയും പുറത്തേയും വിമര്‍ശനങ്ങളെ നേരിടുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഒരു പൗരനാണ്. അദ്ദേഹത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. തീവ്ര വലുതപക്ഷ വ്യതിയാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നുവെന്നാണ് കൂറിലോസ് പറഞ്ഞത്. എന്നാല്‍, എന്നെ ആരും തിരുത്താന്‍ വരണ്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. നികൃഷ്ടജീവി, പരനാറി, വിവരദോഷി എന്നിങ്ങനെ മലയാള ഡിക്ഷണറിയിലേക്ക് പുതിയ വാക്കുകള്‍ മുഖ്യമന്ത്രി സംഭാവന ചെയ്യുകയാണെന്നും സതീശന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here