സര്‍ക്കാര്‍ കഴിവുകേടും കെടുകാര്യസ്ഥതയും മറയ്ക്കാന്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്നു; അതിന് പിന്നാലെ പോകാന്‍ വേറെ ആളെ നോക്കണം; വി.ഡി.സതീശന്‍

ആലപ്പുഴ : യുഡിഎഫ് ധവളപത്രമിറക്കി പ്രവചിച്ച ധനപ്രതിസന്ധിയാണ് ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല ധനപ്രതിസന്ധിക്ക് കാരണം. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമൊക്കെയാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത്. അതിനു പിന്നാലെ പോകാന്‍ വേറെ ആളെ നേക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധനകാര്യ കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ച് യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കണക്ക് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും സതീശന്‍ ചോദിച്ചു. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ പ്രതിപക്ഷവും യു.ഡി.എഫ് എം.പിമാരും സര്‍ക്കാരിനൊപ്പം നില്‍ക്കും. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ സര്‍ക്കാരിന് അവ്യക്തതയാണെന്നും സതീശന്‍ ആരോപിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേതു പോലെ കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സെറ്റില്‍മെന്റില്‍ അവസാനിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികള്‍ മാത്രമെ പറയൂ. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ദേശീയതലത്തില്‍ ബി.ജെ.പി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള കേരളത്തില്‍ ബി.ജെ.പിയുമായി കേണ്‍ഗ്രസ് കൂട്ട് കൂടുമെന്ന് സി.പി.എം പറയുന്നത്, അവര്‍ക്ക് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ്. തൃശൂരിലെ സി.പി.എം- ബി.ജെ.പി സഖ്യം വളരെ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top