ലൈഫിനും ഉച്ചഭക്ഷണത്തിനും പണമില്ല, ധൂര്‍ത്തിന് 27 കോടി; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാറിന്റെ മുഖമുദ്ര ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സാമ്പത്തിക പ്രതിസന്ധി മൂലം സാധരണക്കാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ പോലും നല്‍കാത്ത സര്‍ക്കാറാണ് കേരളീയം ധൂര്‍ത്തിന് 27 കോടി രൂപ മാറ്റി വച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രചരണം വേണമെങ്കില്‍ പാര്‍ട്ടി ചിലവില്‍ നടത്തണമെന്നും സതീശന്‍ പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. 717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സര്‍ക്കാരാണ് ഏഴ് ദിവസത്തെ പരിപാടിക്ക് 27 കോടി രൂപ ഉത്തരവിലൂടെ നല്‍കുന്നത്. കേരളീയം അവസാനിക്കുമ്പോള്‍ അത് 70 കോടി രൂപയെങ്കിലും ആകുമെന്നും സതീശന്‍ വിമര്‍ശിച്ചു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൊടുത്തിട്ടില്ല. പെന്‍ഷന്‍കാര്‍ക്ക് 2 മാസമായി പെന്‍ഷന്‍ തുക കിട്ടിയിട്ടില്ല. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുകയാണ്. സപ്ലെകോയില്‍ സാധനങ്ങളില്ല. സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാനില്ല. ഇത്തരം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സര്‍ക്കാരാണ് ഈ ധൂര്‍ത്ത് നടത്തുന്നത്. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേല്‍ കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയില്‍
ഉള്‍പ്പെടുത്തരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഹമാസ് വിഷയത്തിലെ പ്രതികരണത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. സ്വതന്ത്ര പാലസ്തീന്‍ ഉണ്ടാകണം എന്നാണ് കോണ്‍ഗ്രസ് നിലപാട്. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ അക്രമങ്ങളെ അപലപിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടെ ഉള്ളൂ. ആ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here