മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണം; മോദിക്കൊപ്പം രണ്ടു കയ്യും ചേര്‍ത്തുള്ള ഇരട്ടചങ്കന്റെ നില്‍പ് മനസിരുത്തി നോക്കിയാല്‍ സന്ദേശം വ്യക്തം; വി.ഡി.സതീശന്‍

തിരുവനന്തപുരം : മകള്‍ വീണ വിജയന്റെ കമ്പനിയ്‌ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ വാദം പച്ചകള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എക്സാലോജിക്കിന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ വിധിയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്. എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലൂടെ ഇത് തെറ്റാണെന്ന് വ്യക്തമായതായി സതീശന്‍ പറഞ്ഞു. ഇരു കമ്പനികളും തമ്മില്‍ നിയമപരമായ ഇടപാട് നടന്നത് സംബന്ധിച്ച് ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തെക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് അന്വേഷിപ്പിക്കുന്നത്. ഇ.ഡിയെയും സി.ബി.ഐയെയും ഒഴിവാക്കിയത് പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായിയെയും സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി വേട്ടയാടുന്നുവെന്ന് വരുത്തി തീര്‍ത്തിട്ട് സെറ്റില്‍ ചെയ്യുകയെന്നതാണ് ലക്ഷ്യം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനാണ്. സംഘപരിവാറും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് ഇതിനുള്ള തെളിവാണ്. ഇതിനു പകരമായി കുഴല്‍പ്പണ കേസില്‍ പ്രതിയാക്കാതെ കെ. സുരേന്ദ്രനെ പിണറായി വിജയന്‍ സഹായിച്ചു. കരുവന്നൂര്‍ അന്വേഷണവും തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് വച്ചുള്ള ഒത്തുതീര്‍പ്പിലേക്കാണ് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.

ജ്യോതിബാസുവിന്റെ പേരിലുള്ള അനുസ്മരണ ചടങ്ങ് പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിച്ചതും യാത്രയാക്കിയതും. പ്രധാനമന്ത്രിക്കൊപ്പം രണ്ടു കയ്യും ചേര്‍ത്തുള്ള പിണറായി വിജയന്റെ നില്‍പ് കേരളത്തിലെ ജനങ്ങള്‍ മനസിരുത്തി കാണുന്നുണ്ട്. ഇരച്ചങ്കന്‍ എന്ന് അണികളെക്കൊണ്ട് വിളിപ്പിച്ച മുഖ്യമന്ത്രി ഇത്രയും വിനയാന്വിതനും നല്ല മനുഷ്യനുമായി നില്‍ക്കുന്നത് കാണുമ്പോള്‍ വ്യാഖ്യാനങ്ങളുണ്ടാകാമെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top