സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, ധവളപത്രം പുറത്തിറക്കണം; വി.ഡി.സതീശന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ക്ഷേമപെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. കെഎസ്ആര്‍ടിസി, കെഎസ്ഇബി, സപ്ലൈകോയടക്കമുള്ള സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പോലും ആനുകൂല്യമില്ലാതായിട്ട് മാസങ്ങളായിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും പരിഗണിക്കാതെ ധൂര്‍ത്തുമായി മുന്നോട്ട് പോവുകയാണെന്നും സതീശന്‍ പറഞ്ഞു.

തുലാവര്‍ഷ സമയത്ത് കോടികള്‍ മുടക്കി കേരളീയം സംഘടിപ്പിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. ലൈഫ് മിഷന് പണം അനുവദിക്കാത്തതു കൊണ്ട് പഞ്ചായത്ത് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോകേണ്ട അവസ്ഥയാണ്. വീട് പൊളിച്ച് തറകെട്ടി രണ്ടാം ഗഡു ചോദിച്ച് ആളുകള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ പുറകിലത്തെ വാതിലിലൂടെ ഓടുകയാണ്. ഇതാണ് സര്‍ക്കാറിന്റെ അഭിമാന പദ്ധതികളുടെ അവസ്ഥ. കേരളീയത്തില്‍ വരുന്നവര്‍ പുറത്തു പോയി നാടിനെ കുറിച്ച് നല്ലതു പറയുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ചിരിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തെ വെള്ളകെട്ടും പൊളിഞ്ഞ റോഡും സംബന്ധിച്ച് പുകഴ്ത്തുമെന്നാണ് പറയുന്നത്. സര്‍ക്കാറിന് എന്തിന്റെ അസുഖം എന്നറിയില്ലെന്നും സതീശന്‍ പരിഹസിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണമാണ് നവകേരള സദസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളോടുകളോട് നവകേരള സദസിന് പണം നല്‍കാന്‍ പറയുകയാണ്. സര്‍ക്കാറിനെ കുറിച്ച് പ്രചരിപ്പിക്കണമെങ്കില്‍ പാര്‍ട്ടിയുടെ പണം ചിലവാക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടികള്‍ യാത്രകള്‍ നടത്തും. ഇപ്പോള്‍ നികുതി പണം എടുത്ത് തിരഞ്ഞെടുപ്പ് യാത്ര നടത്തുകയാണ് സര്‍ക്കാറെന്നം സതീശന്‍ വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top