മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴണം; അനാവശ്യ ഇടപെടലിന് തിരിച്ചടി; വി.ഡി.സതീശന്‍
തൃശ്ശൂര്‍ : കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാറില്‍ നിന്നും അനാവശ്യ ഇടപെടലുണ്ടായെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്നതിന് യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. ചാന്‍സലാറായ ഗവര്‍ണ്ണര്‍ക്ക് പ്രോചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമനം സംബന്ധിച്ച് കത്തെഴുതിയത് ഗുരുതരമായ ഇടപെടലാണ്. ഇത് തന്നെയാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഇന്ന് തന്നെ മന്ത്രി രാജിവയ്ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണ്ണറെ സമ്മര്‍ദ്ദത്തിലാക്കിയാണ് പ്രായപരിധി കഴിഞ്ഞയാളെ വീണ്ടും നിയമിച്ചത്. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിലുള്ള കടന്ന് കയറ്റമാണ് നടന്നത്. സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ വകുപ്പാക്കി അധപതിപ്പിക്കാനുള്ള ശ്രമത്തിനുള്ള താക്കീതാണ് സുപ്രീം കോടതി വിധി. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഇതുവരെ പറഞ്ഞതെല്ലാം സുപ്രീംകോടതിയും ശരിവച്ചിരിക്കുകയാണ്. ഗവര്‍ണ്ണറും സര്‍ക്കാറും ഒന്നിച്ചുള്ള ഗൂഡാലോചനയാണ് കണ്ണൂര്‍ വിസിയുടെ നിയമനം.സമാധാനകാലത്ത് ഗവര്‍ണ്ണറും സര്‍ക്കാറും ഒന്നാണ്. തമ്മില്‍ ഒരു വിഷയവുമില്ല. സര്‍ക്കാര്‍ പ്രശ്‌നത്തിലാകുമ്പോള്‍ ഗവര്‍ണ്ണര്‍ പ്രസ്താവനകളുമായി വരികയാണ് ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here