ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണം മുഖപ്രസംഗത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ജോസ് കെ.മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ യു.ഡി.എഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസോ യുഡിഎഫോ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിഷയം യുഡിഎഫിന് മുന്നിലില്ലെന്നും സതീശന്‍ വ്യക്തമാക്കി.

ഇന്നത്തെ പത്രത്തിലെ എഡിറ്റോറിയിലിലാണ് ഇടതുമുന്നണിയെന്ന അരക്കില്ലത്തില്‍ പെട്ടുപോയ ജോസ് കെ മാണിയും കൂട്ടരും യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കോണ്‍ഗ്രസ് മുഖപത്രം ആവശ്യപ്പെട്ടത്. ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഓരോന്ന് സിപിഎമ്മും സിപിഐയും വീതിച്ചെടുത്ത് കേരള കോണ്‍ഗ്രസിനെ ഒഴിവാക്കുമെന്നാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ നല്‍കിയ മുന്നറിയിപ്പ്. ജൂലൈ ഒന്നിന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വീതിച്ചെടുത്ത് കേരള കോണ്‍ഗ്രസിനെ വെറും കൈയ്യോടെ പറഞ്ഞു വിടാനാണ് സാധ്യതയെന്നും ‘ജോസ് മാണി അരക്കില്ലത്തില്‍ വെന്തുരുകരുത് ‘ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയല്‍ പരിഹസിച്ചിരുന്നു.

നാല് പതിറ്റാണ്ടിലേറെക്കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക് അവകാശ ബോധത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം.മാണിയുടെ മകനും കര്‍ഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങള്‍ പോലും വശമില്ല. എതിരാളികള്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം മാണി. അത്തരമൊരു മനസ്സോ മാനമോ കൗശലമോ ഇല്ലാത്ത ജോസ് കെ മാണി സിപി എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്ന് വീക്ഷണം ഉപദേശിക്കുന്നുണ്ട്. ഈ എഡിറ്റോറിയലിനെയാണ് പ്രതിപക്ഷ നേതാവ് പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top