മൂന്ന് കെപിസിസി ജന. സെക്രട്ടറിമാരെ ഉന്നമിട്ട് സതീശൻ; തനിക്കെതിരെ വാർത്ത ചോർത്തി; തെളിവുസഹിതം പരാതി ഹൈക്കമാൻഡിന്

വയനാട് നേതൃക്യാംപിന് പിന്നാലെ കോണ്‍ഗ്രസില്‍ രൂപം കൊണ്ട ഭിന്നത പുതിയ തലത്തിലേക്ക്. തനിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ത്തി നല്‍കിയ മൂന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐസിസി സംഘടനാ ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ക്ക് സതീശന്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ വിഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നു, സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നു എന്നായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. സതീശനെ ഒഴിവാക്കിയാണ് ഭാരവാഹിയോഗം ഓണ്‍ലൈനായി ചേര്‍ന്നത്. യോഗം തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ തലസ്ഥാനത്തെ കോണ്‍ഗ്രസ് ബീറ്റ് നോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സതീശനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയരും എന്ന് വാട്‌സാപ് സന്ദേശങ്ങള്‍ എത്തിയിരുന്നു.

തന്നെ അപമാനിക്കാന്‍ ആസൂത്രിതമായി ശ്രമം നടന്നുവെന്നതിന്റെ തെളിവായിട്ടാണ് ഈ വാട്‌സാപ് സന്ദേശങ്ങളെ സതീശന്‍ കാണുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എഐസിസിക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ചില ഭാരവാഹികളാണ് വാര്‍ത്ത ചോര്‍ത്തലിന് പിന്നിലെന്നാണ് സതീശന് ലഭിച്ചിരിക്കുന്ന വിവരം. ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ നിരന്തരം വാര്‍ത്ത ചോര്‍ത്തി നല്‍കുന്നതും ഈ മൂവര്‍ സംഘമാണെന്നാണ് കരുതുന്നത്.

വിഡി സതീശനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് സ്ഥിരീകരിക്കുന്ന തരത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചത്. തിരുവനന്തപുരത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ഡിസിസി സംഘടിപ്പിച്ച മിഷന്‍ – 25 അവലോകന യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. വാര്‍ത്ത ചോര്‍ത്തി നല്‍കിയ കെപിസിസി ഭാരവാഹികള്‍ക്കെതിരെ എഐസിസി നടപടി എടുക്കാതെ മിഷന്‍ 25മായി ഇനി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സതീശന്‍. കെപിസിസി യോഗത്തിലേക്ക് വിളിക്കാത്തതിലും കടുത്ത അതൃപ്തിയുണ്ട്. താന്‍ വിമര്‍ശനത്തിന് വിധേയനാണെന്നും എന്നാല്‍ ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സതീശൻ്റെ നിലപാട്.

ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ട് കൂടിയിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ മറ്റ് നേതാക്കള്‍ അസ്വസ്ഥരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ നഷ്ടപ്പെടുത്തും വിധത്തില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടരുത് എന്നാണ് ഭൂരിപക്ഷ അഭിപ്രായം. പാര്‍ട്ടിക്കുള്ളിലിരുന്ന് ചെവി കടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ പാര്‍ട്ടിക്ക് പുറത്താക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണ് എന്നാണ് കെ മുരളീധരന്റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top