മാസപ്പടിയിലെ ഇഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ട്; മറ്റിടങ്ങളിലെ ആവേശം കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കില്ല; ആരോപണവുമായി പ്രതിപക്ഷ നേതാവ്

പാലക്കാട് : മാസപ്പടിയില്‍ ഇഡി കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുകയല്ലാതെ കേരളത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ല. കരുവന്നൂരിലെയും സ്വര്‍ണക്കള്ളക്കടത്തിലെയും ലൈഫ് മിഷന്‍ കോഴയിലേയും ഇഡി അന്വേഷണങ്ങള്‍ എവിടെയുമെത്തിയില്ല. കേരളത്തില്‍ എത്തുമ്പോള്‍ ഇഡിയുടെ രീതി തന്നെ മാറുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒന്നിച്ചല്ലെന്നു കാണിക്കാനുള്ള സ്റ്റണ്ടാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഇഡി ഏറ്റെടുത്ത അന്വേഷണങ്ങളൊക്കെ പെരുവഴിയിലാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയാണ് ഈ അന്വേഷണങ്ങളൊക്കെ തീര്‍ത്തത്. ഇതിന് പകരമായി കൊടകര കുഴല്‍പ്പണ കേസ് ഇല്ലാതാക്കി കെ. സുരേന്ദ്രനെ സര്‍ക്കാര്‍ സഹായിച്ചു. പരസ്പര സഹായ സഹകരണസംഘത്തിന് അപ്പുറത്തേക്ക് ഒരു അന്വേഷണവും പോകുന്നില്ല. മാസപ്പടിയില്‍ ഇതുവരെ മുഖ്യമന്ത്രിക്കും മകള്‍ക്കും ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ല. മുന്‍ ധനകാര്യ മന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ മതില്‍ ചാടിക്കടന്നാണ് ഇഡി എത്തിയത്. അമിത് ഷായെ ജയിലില്‍ കിടത്തിയതിന്റെ ദേഷ്യം തീര്‍ക്കാനാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്. ആ ആവേശമൊന്നും കേരളത്തിലില്ല. പ്രേമലേഖനം അയയ്ക്കുന്നതു പോലെയാണ് നോട്ടീസ് അയയ്ക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here