ബി.ജെ.പി സ്ഥാനാർത്ഥിയുമായുള്ള ബിസിനസ് സി.പി.എം അനുവദിക്കുന്നുണ്ടോ? കൊടകരയിലെ കള്ളപ്പണം ഐടിയെ ഏല്‍പ്പിക്കാത്തത് എന്തുകൊണ്ട്? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

കൊച്ചി : തന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടും രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇ.പി ജയരാജന്‍ ശരി വച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജയരാജന്റെ ഭാര്യയ്ക്ക് ഷെയറുള്ള റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയ ശേഷമാണ് വൈദേകം- നിരാമയ റിസോര്‍ട്ടെന്ന് പേര് മാറ്റിയത്. സി.പി.എം – ബി.ജെ.പി റിസോര്‍ട്ടെന്ന് പേരിടുന്നത് പോലെയാണിതെന്നും സതീശന്‍ പരിഹസിച്ചു.
സമുന്നതനായ സി.പി.എം നേതാവും ബി.ജെ.പി നേതാവും തമ്മില്‍ ഒരു ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് അനുവദിക്കുന്ന പാര്‍ട്ടിയാണോ സി.പി.എം? ഇത്തരം ബിസിനസിനെ കുറിച്ച് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അറിഞ്ഞില്ലേയെന്നും സതീഷന്‍ ചോദിച്ചു. കേരളത്തില്‍ ബി.ജെ.പി പല മണ്ഡലങ്ങളിലും രണ്ടാ സ്ഥാനത്ത് വരുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മിടുമിടുക്കന്‍മാരാണെന്നും ജയരാജന്‍ പറഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ ബന്ധം അന്വേഷിച്ചത്. അപ്പോഴാണ് ബിസിനസ് ബന്ധം ഉണ്ടെന്ന് മനസിലായത്. ഇപ്പോള്‍ ജയരാജന്‍ പുറത്തുവിട്ട മോര്‍ഫ് ചെയ്ത പടത്തെ കുറിച്ചല്ല താന്‍ പറഞ്ഞത്. ഇപ്പോള്‍ പുറത്ത് വിട്ട പടം മോര്‍ഫ് ചെയ്തവര്‍ക്കെതിരെ കേസെടുക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.
നിരാമയയുമായി രാജീവ് ചന്ദ്രശേഖറിനോ കുടുംബത്തിനോ ബന്ധമുണ്ടോയെന്നാണ് ജയരാജന്‍ ഇപ്പോള്‍ ചോദിക്കുന്നത്. പണ്ട് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും പണം കിട്ടിയപ്പോഴും ഇതു പോലെയാണ് സംസാരിച്ചതെന്നും സതീശന്‍ പറഞ്ഞു. ജയരാജനെ എതിിരാളിയായി കാണുന്നില്ല. അദ്ദേഹം പാവമാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ആ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. പിണറായി ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതൃത്വം ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസില്‍ പിടിച്ചെടുത്ത പണം ഇന്‍കം ടാക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുഴപ്പണ കേസ് അന്വേഷണം എവിടെ പോയെന്ന് വ്യക്തമാക്കണം. കാണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയുടെ എണ്ണം കൂട്ടി ബി.ജെ.പി നേതാക്കളെ സന്തോഷിപ്പിക്കാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here