തരികിട രാഷ്ട്രീയം കളിച്ച് സിപിഎം പരിഹാസ്യരാവരുത്; ലീഗ് തീരുമാനം യുഡിഎഫിന്റെ ശക്തി വ്യക്തമാക്കുന്നത്, വി.ഡി.സതീശന്‍

ഇടുക്കി : പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം നിരസിച്ച മുസ്ലീം ലീഗിന്റെ തീരുമാനം യുഡിഎഫിന്റെ ശക്തി വ്യക്താമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുന്നണിയുടെ കരുത്തും പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സംബന്ധിച്ച് കുറച്ചു പേര്‍ക്ക് സംശയമുണ്ടായിരുന്നു. അരുടെ സംശയം ഇന്നത്തോടെ തീരുമെന്നാണ് വിശ്വസിക്കുന്നത്. ഇല്ലയില്ല എന്ന് പലതവണ പറഞ്ഞിട്ടും വരൂവരൂ എന്ന് പറഞ്ഞ് മുസ്ലീം ലീഗിന് പിന്നാലെ നടക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത് നാണക്കേടാണ്.

ജനം എതിരാണെന്നും ജനക്കൂട്ടത്തില്‍ വിചാരണ ചെയ്യപ്പെടും എന്ന തിരിച്ചറിവിലാണ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി ലീഗിനെ കിട്ടുമോയെന്ന് നോക്കുന്നത്. ഇത് ഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടാണ്. നേരത്തെ പൗരത്വ ഭേദഗതി വിഷയത്തിലും കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിനാല്‍ പരിപാടിക്കില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇത്തവണയും ലീഗിന്റെ പിന്നാലെ പോയി നാണംകെടുകയാണ് സിപിഎം. സ്വയം ദുര്‍ബലരെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു പറയുകയാണ് ഇടത് മുന്നണി. ഇനിയെങ്കിലും ഈ തറരാഷട്രീയകളി സിപിഎം അവസാനിപ്പിക്കണം. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സഹോദര ബന്ധമാണ്. രണ്ട് പാര്‍ട്ടികളായതിനാല്‍ അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ പരസ്പരം വേദനിപ്പിക്കുന്ന തീരുമാനമുണ്ടാകില്ല. ഇടുങ്ങിയ രാഷ്ട്രീയ ചിന്തയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പോലൊരു പരിപാടിയുടെ വിലകുറയ്ക്കുകയാണ് സിപിഎം. ഈ തിരികിട രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

മണിശങ്കര്‍ അയ്യര്‍ പാര്‍ട്ടി വിലക്ക് ലംഘിച്ചു

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയം സെമിനാറില്‍ പങ്കെടുത്തത് പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചാണെന്ന് വി.ഡി.സതീശന്‍. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്നെ മണിശങ്കര്‍ അയ്യരോട് അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാതെയാണ് പങ്കെടുത്തത്. ഇക്കാര്യത്തില്‍ എഐസിസി നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതികരണം ഒന്നും നടത്തരുതെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശമെന്നും സതീശന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top