സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോരില്‍; എങ്ങനെ ഇവരെ വിശ്വസിക്കുമെന്ന് ജനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിട്ടും പതിവു പോലെ തമ്മില്‍തല്ലി സമയം കളയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. എട്ടു വര്‍ഷമായി അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോഴും തിരുത്തലുകള്‍ക്കു മനസില്ലെന്നു വിളിച്ചുപറയും പോലെയാണ് കോണ്‍ഗ്രസിലെ രീതികള്‍ എന്ന വിമര്‍ശനം ശക്തമായി കഴിഞ്ഞു. കെ.പി.സി.സി. ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായത്. ആരാണ് വലുതെന്നു തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നേതാക്കള്‍ക്കിടയില്‍.

കോണ്‍ഗ്രസിന്റെ സംഘടനാപരമായ കരുത്തുകൊണ്ട് നേടിയതല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം എന്നതു പകല്‍ പോലെ സത്യം. പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നതിന്റെ ഫലമാണ് കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തിന്റെ ആധാരം. തൃശൂരിലെ ബി.ജെ.പി. വിജയവും മറ്റിടങ്ങളിലെ ബി.ജെ.പിയുടെ വോട്ട് വര്‍ധനയും വ്യക്തമാക്കുന്നതും അതുതന്നെ.

സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചും സര്‍ക്കാരിനെ തുറന്നുകാട്ടിയും കരുത്തരാകേണ്ട സമയത്താണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള പോര്. സംഘടനാപരമായി വമ്പനാകാനുള്ള ശ്രമത്തിലാണ് ഇരുവരും. മറ്റു നേതാക്കള്‍ ഇവര്‍ക്കു പിന്നില്‍ അണിനിരന്നു തുടങ്ങിയതോടെ വിഷയം വലുതാകുകയാണ്. പ്രതിപക്ഷ നേതാവ് പങ്കെടുക്കാത്ത കെ.പി.സി.സി. ഓണ്‍ലൈന്‍ ഭാരവാഹി യോഗത്തില്‍ അദ്ദേഹത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു, കെ.പി.സി.സി. അയയ്ക്കുന്ന സര്‍ക്കുലറിനു സമാന്തരമായി ഡി.സി.സി. ഭാരവാഹികള്‍ക്കു നിര്‍ദേശം നല്‍കുന്നു, കെ.പി.സി.സി. അറിയാതെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു, ജില്ലയുടെ ചുമതലയുള്ള പ്രധാന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിക്കുന്നു, പഴ്സണല്‍ സ്റ്റാഫിനെ അഡ്മിനാക്കി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി നിര്‍ദേശങ്ങള്‍ നല്‍കുന്നു എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. കെ.പി.സി.സി. പ്രസിഡന്റിനെ മറികടന്നു പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നു എന്നു തന്നെയാണ് ഈ വിമര്‍ശനങ്ങളുടെയെല്ലാം ചുരുക്കം.

കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തോടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതിഷേധം മയമുള്ളതായിരുന്നില്ല. മിഷന്‍-25 എന്ന പേരില്‍, വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഭാരവാഹി യോഗത്തില്‍നിന്നു വിട്ടുനിന്നാണ് സതീശന്‍ അതൃപ്തി പ്രകടിപ്പിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആലസ്യത്തില്‍ ഇരുന്ന് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേരിട്ട തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് മിഷന്‍ 25 എന്ന പേരില്‍ ഒരു മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കിയത്. ഇത് റിപ്പോർട്ട് ചെയ്യാനാണ് സതീശന്‍ തിരുവനന്തപുരം ഡിസിസിയില്‍ എത്താതിരുന്നത്. പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതും പറയാത്തതും മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയവര്‍ പാര്‍ട്ടി ബന്ധുക്കളാണോയെന്ന് അന്വേഷിച്ചാല്‍ മതിയെന്നു പിന്നീടു പ്രതികരിച്ചു പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ശ്രമവും സതീശന്റെ ഭാഗത്തു നിന്ന് ഉണ്ടായി. എന്നാല്‍, സതീശനെതിരേ വിമര്‍ശനമുണ്ടായെന്നു തുറന്നുപറയുകയാണ് കെ. സുധാകരന്‍ ചെയ്തത്. അദ്ദേഹം അനുനയ പാതയിലല്ല എന്ന സൂചനയാണ് ഇതു നല്‍കുന്നത്.

നിയമസഭയിലടക്കം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇതു ജനങ്ങളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകുന്നില്ല. സംഘടനാ പരമായി താഴേത്തട്ടില്‍ കോണ്‍ഗ്രസ് ഇപ്പോഴും ദുര്‍ബലമാണ്. പല ഡി.സി.സികളുടെയും പ്രവര്‍ത്തനം ഫലപ്രദമല്ല. ഇതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെയാണ് തമ്മില്‍തല്ല്. ഫലപ്രദമായൊരു പുനഃസംഘടന കോണ്‍ഗ്രസില്‍ നടന്നിട്ടില്ല. പലരും പാര്‍ട്ടി ഭാരവാഹിത്വം അലങ്കാരമാക്കുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല. ഗ്രൂപ്പുകള്‍ സജീവമല്ലെങ്കിലും നേതാക്കളുടെ ‘പെട്ടിയെടുപ്പുകാര്‍’ ഇപ്പോഴും ഭാരവാഹിത്വത്തില്‍ ഉണ്ടെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം.

അടുത്ത രണ്ടു വര്‍ഷത്തിനിടെ നിര്‍ണായകമായ രണ്ടു തെരഞ്ഞെടുപ്പുകള്‍ നടക്കും. അതിനു ശക്തമായി ഒരുങ്ങേണ്ട സമയത്താണ് കോണ്‍ഗ്രസ് സുവര്‍ണാവസരം തുലച്ചു കൊണ്ടിരിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. കൃത്യമായ സമയത്ത് വേണ്ട രീതിയില്‍ ഇടപെടാതെ തമ്മിലടിക്കുന്ന ഇവരെ എങ്ങനെ വിശ്വസിക്കുമെന്നു ജനം വീണ്ടും ചോദിച്ചു തുടങ്ങിയിരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top