പ്രതിഷേധിക്കുന്നവരെ തല്ലിയാല്‍ തിരിച്ചടിക്കും; സി.പി.എം അയോധ്യ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു; നിലപാട് വ്യക്തമാക്കി വി.ഡി.സതീശന്‍

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണ്. ഇത് തടയുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ അടയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കള്ളപ്പിരിവ് നടത്തിയും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചും നടത്തിയ ആര്‍ഭാട സദസായിരുന്നു നവകേരള സദസ്. അതിനെതിരെ പ്രതിഷേധം ഉണ്ടാകും. സമരക്കാരെ തല്ലിച്ചതച്ച പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി കേരളത്തെ ഗുണ്ടാ സ്റ്റേറ്റാക്കി മാറ്റിയതായും സതീശന്‍ ആരോപിച്ചു.

അയോധ്യ വിഷയത്തെ സി.പി.എം രാഷ്ട്രീയവത്ക്കരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. വ്യക്തികള്‍ക്കാണ് ക്ഷണം. ഇക്കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് ഒരു തീരുമാനമെടുക്കും. കേരളം പോലെ ഒരു ഇട്ടാവട്ട സ്ഥലത്തിന്റെ രാഷ്ട്രീയം മാത്രമാണ് സി.പി.എമ്മിനുള്ളത്. കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നതിന് മുന്‍പെ അതില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. ഏക സിവില്‍ കോഡിനേയും പലസ്തീന്‍ വിഷയത്തയും രാഷ്ട്രീയ വത്കരിച്ചത് പോലെ അയോധ്യയേയും സി.പി.എം. രാഷ്ട്രീയവത്കരിക്കുന്നു. ബി.ജെ.പി ചെയ്യുന്ന അതേ പണിയാണ് സി.പി.എമ്മും ചെയ്യുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും സതീശന്‍ വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top