ജെ.ഡി.എസ്- ബിജെപി ബന്ധത്തിന് പിണറായി കൂട്ടുനിന്നത് കരുവന്നൂര്‍ അന്വേഷണം അട്ടിമറിക്കാന്‍, കേരള ഭരണം നിയന്ത്രിക്കുന്നത് സംഘപരിവാര്‍, ദേവഗൗഡയുടെ പരാമര്‍ശം ആയുധമാക്കി പ്രതിപക്ഷ നേതാവ്

എറണാകുളം : ജെഡിഎസ് ബിജെപി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സി.പി.എമ്മിന് ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. പിണറായിയുടെ തുടര്‍ ഭരണത്തിന് കാരണമായതും ബി.ജെ.പി- സി.പി.എം അവിഹിത കൂട്ടുകെട്ടാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണവും ഇത് തന്നെയാണ്. കരുവന്നൂര്‍ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ്. ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലും നീക്കുപോക്കുണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും സതീശന്‍ ആരോപിച്ചു.

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ബി.ജെ.പി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് അപമാനകരമാണ്. സി.പി.എമ്മിന്റെ യാഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്ക്കേണ്ടെന്ന തീരുമനം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സി.പി.എം കേരള നേതൃത്വമാണ്. പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിരട്ടി നിര്‍ത്തി ബി.ജെ.പിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല. എന്‍.ഡി.എ പ്ലസ് എല്‍.ഡി.എഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരമില്ല. ഇക്കാര്യത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം നല്‍കുന്ന വിശദീകരണം തൃപ്തികരമല്ല. ദേവഗൗഡയുടെ പ്രായാധിക്യം പറഞ്ഞുള്ള വിശദീകരണം ശരിയല്ല. ഒരു മാസം കൊണ്ട് ദേവഗൗഡയ്ക്ക് പ്രായം കൂടില്ല. എല്ലാവരെല്ലാം അറിഞ്ഞു കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതുകൊണ്ടാണ് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗം പോലും ചേരാത്തതെ നിലപാട് വ്യക്തമായി പറയാതിരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

കോവിഡ് കാലത്ത് കുരങ്ങനും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അണിയറയില്‍ കൊള്ളയാണ് നടന്നത്. കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയ പര്‍ച്ചേസില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, എ.ഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, മാസപ്പടി എന്നിവയ്ക്ക് പിന്നാലെ പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ പൊന്‍കിരീടത്തിലെ ആറാമത്തെ തൂവലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പര്‍ച്ചേസ് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടെന്നും സതീശന്‍ പറഞ്ഞു. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന ആളുകളാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന വിവരം പുറത്തു വിടാന്‍ കഴിയില്ലെന്ന പറയുന്നത് ഭയപ്പെടുന്നത് കൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top