മുഖ്യമന്ത്രി നോക്കുകുത്തി; ഉപജാപകസംഘം ഭരണകൂട ഭീകരത സൃഷ്ടിക്കുന്നു; രാഹുലിന്റെ അറസ്റ്റിന് തിരിച്ചടിയുണ്ടാകും; വെല്ലുവിളിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ഭരണകൂട ഭീകരത സൃഷ്ടിക്കാനാണ് ഈ സംഘത്തിന്റെ ശ്രമം. രാഹുലിനെ അറസ്റ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഭയപ്പെടുത്തി വീട്ടിലിരുത്താം എന്നാണ് ഇവര്‍ കരുതുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പ് ജീവിക്കേണ്ടവരാണ് ഈ വൃത്തികേട് കാണിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണ് പ്രകടിപ്പിക്കുന്നത്. ഇതിന് തിരിച്ചടി നല്‍കുമെന്നും സതീശന്‍ പറഞ്ഞു.
രാഹുല്‍ കേസില്‍ പ്രതിയായതു കൊണ്ട് ഒളിവില്‍ പോയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുപരിപാടികളില്‍ പങ്കെടുത്തയാളാണ്. എന്നിട്ടും പുലര്‍ച്ചെ വീട്ടില്‍ മുട്ടി വിളിച്ച് അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ല. കേരളത്തില്‍ ഇരട്ട നീതിയാണ് നടക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പാല്‍കുപ്പിയും കൊടുത്ത് കുഞ്ഞെ എന്ന് വിളിച്ച് കൊണ്ടു പോയ പോലീസുകാരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ അതിക്രമം കാണിക്കുന്നത്. സെക്രട്ടറിയേറ്റിലെ സംഘര്‍ഷങ്ങളുടെ പേരിലെടുത്ത കേസില്‍ ഒന്നാം പ്രതി താനാണ്. തന്നെയും വീട്ടില്‍ കയറി അറസ്റ്റ് ചെയ്യട്ടെയെന്നും സതീശന്‍ വെല്ലുവിളിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here