കുമാരസ്വാമി കേന്ദ്രമന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെ; ബിജെപി ഘടകകക്ഷിയെ ഒക്കത്തിരുത്തി പിണറായിയുടെ ഇരട്ടാത്താപ്പ്; വിമര്‍ശനവുമായി വിഡി സതീശന്‍
ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസിനെ ഇടത്മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്നതിനാല്‍ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണ് സിപിഎം. കേരളത്തിലും എന്‍ഡിഎ – എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
കേന്ദ്രത്തില്‍ ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ സിപിഎമ്മിനും പിണറായി വിജയനും മാത്രമെ കഴിയൂ. മുഖ്യമന്ത്രിയോ ഇടത് നേതാക്കളോ ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച്ഡി കുമാരസ്വാമി കേന്ദ്രമന്ത്രിയായത്. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും യുഡിഎഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
അധാര്‍മികമായ രാഷ്ട്രീയ നീക്കത്തെ മുന്നണിയിലെ മറ്റൊരു ഘടകകക്ഷി കടുത്ത ഭാക്ഷയില്‍ വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here