എംടിയുടെ വാക്കുകള്‍ മൂര്‍ച്ചയേറിയത്; മനസിലാകാത്തത് ജയരാജന് മാത്രം; സര്‍ക്കാരിനെ താങ്ങുന്ന സാംസ്‌കാരിക നായകര്‍ക്കുള്ള വഴിവിളക്ക്; വി.ഡി.സതീശന്‍

കോഴിക്കോട് : മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം കാലം ആവശ്യപ്പെടുന്ന മൂര്‍ച്ചയേറിയ വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു കാരണവശാലും ബധിരകര്‍ണ്ണങ്ങളില്‍ ഇത് പതിക്കരുത്. എംടി പറഞ്ഞതിനെ വഴിതിരിച്ചു വിടാതെ മനസിലാക്കുകയാണ് വേണ്ടതെന്നും സതീശന്‍ പറഞ്ഞു.
രാജ്യവ്യാപകമായി ഫാസിസത്തിനെതിരായ പോരാട്ടം നടക്കുകയാണ്. കേരളത്തിലെത്തുമ്പോള്‍ ഫാസിസത്തിന് ഇരട്ടമുഖം എന്നത് നിരാശപ്പെടുത്തുന്നതാണ്. അത് മനസിലാക്കിയുള്ള പ്രതികരണമാണ് വേണ്ടത്. ജവഹര്‍ലാല്‍ നെഹ്റുവുമായി ഭരണാധികാരികളെ താരതമ്യം ചെയ്യുകയല്ല എംടി ചെയ്തത്. ഇഎംഎസിനെ താരതമ്യം ചെയ്താണ് വ്യക്തിപൂജയെക്കുറിച്ച് സംസാരിച്ചത്. ഇത് ആരെക്കുറിച്ചാണെന്ന് യുക്തിബോധമുള്ള എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. ഇ.പി.ജയരാജന് മാത്രമാണ് കാര്യങ്ങള്‍ മനസിലാകാത്തത്. ഇതിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.
നിക്ഷ്പക്ഷത നടിച്ച് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമുള്ള വഴിവിളക്കാണ് എംടി കത്തിച്ചതെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ സി.പി.എം നേതാക്കള്‍ പറഞ്ഞതു കൊണ്ടാണ് അയോധ്യയുമായി ബന്ധപ്പെട്ട തീരുമാനം കോണ്‍ഗ്രസ് എടുത്തതെന്നുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. തുടര്‍ച്ചയായി വിവരക്കേട് പറയുകയെന്നത് ഗോവിന്ദന്‍ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here