അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടപടിയുണ്ടായില്ലെന്ന അച്ചു ഉമ്മന്റെ പരമാര്‍ശം തെറ്റ്, അന്ന് തന്നെ നടപടിയെടുത്തു; വിവരം അറിയിക്കുകയും ചെയ്തു: വനിതാ കമ്മീഷന്‍ അധ്യക്ഷ
കോട്ടയം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന അച്ചു ഉമ്മന്റെ പരാതിയില്‍ അന്ന് തന്നെ നടപടിയെടുത്തിരുന്നെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. അന്വേഷണത്തിനായി ചുമതലപ്പെടുത്തിയ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ കത്തിന്റെ പകര്‍പ്പും അച്ചു ഉമ്മന് ഇ-മെയിലായി അയച്ചുവെന്നും സതീദേവി വ്യക്തമാക്കി.
വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന അച്ചു ഉമ്മന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അധ്യക്ഷ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വനിതാ കമ്മീഷന് തെളിവ് സഹിതം പരാതി കൊടുത്തിട്ടും ഒരു മറുപടിയും ഇതുവരെ കിട്ടിയില്ലെന്നും, മറ്റു ചില കാര്യങ്ങളില്‍ ഉത്സാഹത്തോടെ കേസെടുക്കുന്ന വനിതാ കമ്മീഷന്റെ മൗനം അതിശയിപ്പിക്കുന്നുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞിരുന്നു. ഇത് തീർത്തും തെറ്റാണെന്നാണ് സതീദേവിയുടെ വിശദീകരണം.
പരാതി സംബന്ധിച്ച മറ്റ് വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാമെന്ന കാര്യവും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം ഡിവൈഎസ്പി അന്വേഷം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 29ന് തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27ന് ലഭിച്ച കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും അച്ചു ഉമ്മന് ഇ-മെയിലായി ലഭ്യമാക്കിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here